ബെല്ലാരി: തന്റെ വാക്കുകള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കോണ്‍ഗ്രസ് വളച്ചൊടിക്കുകയാണെന്ന് കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി മുന്നോട്ടുപോകുമെന്നും അതിനിടെ കുരയ്ക്കുന്ന തെരുവ് പട്ടികളെ ഗൗനിക്കേണ്ടതില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ദളിത് സംഘടനകള്‍ അദ്ദേഹത്തിന്റെ വാഹനം വഴിയില്‍ തടഞ്ഞതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ തെരുവ് പട്ടി പ്രയോഗം. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കറിനെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ വഴിയില്‍ തടഞ്ഞത്. 

ബുദ്ധി ജീവികളെ ഉദ്ദേശിച്ചായിരുന്നു തന്റെ വാക്കുകള്‍. എന്നാല്‍, അത് ദളിത് വിരുദ്ധമായി വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ ജനപിന്തുണ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമാതാരവും എഴുത്തുകാരനുമായ പ്രകാശ് രാജ് മന്ത്രിക്കെതിരേ രംഗത്തെത്തി. ദളിത് വിഭാഗത്തെ പട്ടിയോട് ഉപമിച്ച മന്ത്രിയെ പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ തയാറാകുമോ അതോ അദ്ദേഹത്തെ ന്യായീകരിക്കുമോ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കണമെന്ന ആവശ്യത്തിലൂടെ മന്ത്രി മുമ്പും വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. 

ഇതേ തുടര്‍ന്ന് ഹെഗ്‌ഡെയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.