-
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍നിന്ന് അബ്ദുള്‍ സത്താര്‍ രാജിവെച്ചെന്ന വാര്‍ത്ത തള്ളി ശിവസേന. സത്താര്‍ രാജിവെച്ചിട്ടില്ലെന്നും, അത്തരം വാര്‍ത്തകള്‍ ഊഹാപോഹം മാത്രമാണെന്നും ശിവസേന നേതാവ് അര്‍ജുന്‍ ഖോഡ്കാര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സത്താര്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അര്‍ജുന്‍ ഖോഡ്കാര്‍ വ്യക്തമാക്കി.
രാജി വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ ഔറംഗാബാദിലെത്തി അബ്ദുള്‍ സത്താറിനെ നേരില്‍ കണ്ട് മടങ്ങവെയാണ് രാജിക്കാര്യം സത്താര്‍ അറിയിച്ചിട്ടില്ലെന്ന് ശിവസേന നേതാവ് വ്യക്തമാക്കിയത്.
രാജി വാര്‍ത്തകള്‍ പ്രചരിച്ചതോടെ ശനിയാഴ്ച രാവിലെ മുതിര്‍ന്ന ശിവസേന നേതാവും മന്ത്രിയുമായ ഷിന്‍ഡെ സത്താറിനെ അനുനയിപ്പിക്കാന്‍ ടെലിഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രാജിവാര്‍ത്തകളെ സംബന്ധിച്ച യാതൊരു പ്രതികരണവും അബ്ദുള്‍ സത്താര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് ആഘാഡി മന്ത്രിസഭയില്‍ കാബിനറ്റ് സ്ഥാനം ലഭിക്കാത്തതിലാണ് അബ്ദുള്‍ സത്താര്‍ രാജിവെച്ചതെന്നായിരുന്നു നേരത്തെയുള്ള റിപ്പാര്‍ട്ടുകള്‍.
മന്ത്രിമാരുടെ വകുപ്പ് വിഭജന കാര്യത്തിലും മഹാരാഷ്ട്രയില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സര്‍ക്കാറിനെ പിന്തുണച്ച സ്വതന്ത്ര എംഎല്‍എമാര്‍ക്ക് ഉദ്ധവ് താക്കറെ മന്ത്രി സ്ഥാനവും കാബിനറ്റ് പദവിയും നല്‍കിയ നടപടിയിലും ശിവസേനയില്‍ എതിര്‍പ്പ് ഉയരുന്നുണ്ട്.
സിലോദ് നിയോജക മണ്ഡലത്തില്‍നിന്ന് മൂന്നുതവണ നിയമസഭയിലെത്തിയ അബ്ദുള്‍ സത്താര്‍ 2014-ല്‍ കോണ്‍ഗ്രസ്- എന്‍സിപി സര്‍ക്കാരിലും മന്ത്രിയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് വിട്ട അദ്ദേഹം ശിവസേനയില്‍ ചേരുകയായിരുന്നു.
Content Highlights; Minister Abdul Sattar hasn't resigned, will meet Uddhav Thackeray: Shiv Sena
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..