ന്യൂഡല്‍ഹി: സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. ഇതിന് പുറമെ, സേനയിലെ അഴിമതിക്ക് അറുതി വരുത്താനുതകുന്ന മറ്റ് 37 നിര്‍ദേശങ്ങളും അദ്ദേഹം സൈനികർക്ക് നല്‍കിയിട്ടുണ്ട്. 

വിരമിച്ച സൈനികരെ ഉപയോഗിച്ചുള്ള ദാസ്യപ്പണി വിലക്കികൊണ്ടുള്ളതാണ് ബിപിന്‍ റാവത്ത് പുറത്തിറക്കിയ മറ്റൊരു പ്രധാന ഉത്തരവ്. ഇതിന് പുറമെ, സൈനിക ക്യാമ്പുകളില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നീയന്ത്രണം വേണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ അഴിമതിക്ക് ശ്രമിക്കുന്ന ആളുകള്‍ക്കെതിരേ പദവി നോക്കാതെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സൈനികര്‍ക്കെതിരേ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്കുമെതിരേ സേനയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും റാവത്ത് നിര്‍ദേശിച്ചിട്ടുണ്ട്. 

സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ ലക്ഷ്യമാക്കി മേലുദ്യോഗസ്ഥരെ സേവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും മുഖം നോക്കാതെ നടപടി സ്വീകരിക്കും. അതേസമയം സൈനികരുടെ ആത്മാര്‍ഥമായ സേവനങ്ങള്‍ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.