ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൗക്ക് കാക്കപൊരയിൽ സിആർപിഎഫ് വാഹനത്തിനു നേരെയാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യം തെറ്റുകയും ഗ്രനേഡ് തിരക്കേറിയ ദേശീയപാതയിൽ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനെ തുടർന്നാണ് വാഹനയാത്രികരായ 12 പേർക്ക് പരിക്കേറ്റതെന്ന് പുൽവാമ പോലീസ് വ്യക്തമാക്കി.
ആക്രമണം നടത്തിയ ഭീകരർക്കായി കാക്കപ്പോര മേഖലയിൽ സുരക്ഷാ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പുൽവാമ പോലീസ് വ്യക്തമാക്കി.
Content Highlights:Militants grenade attack in J&K's Pulwama, 12 civilians injured