ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സർക്കാർ ജീവനക്കാരന്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദിയെ ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ വഹീബഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് ബഷീര്‍ ഷേഖ് എന്ന ഭീകരവാദിയെ സുരക്ഷാസേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയാണ് ഇയാള്‍. 

പവര്‍ ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റിലെ ജീവനക്കാരനായ മുഹമ്മദ് ഷാഫി ദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഷഹീദും ഉള്‍പ്പെട്ടിരുന്നു. ഒക്ടോബര്‍ രണ്ടാം തീയതിയായിരുന്നു മുഹമ്മദ് കൊല്ലപ്പെട്ടത്. മുഹമ്മദിന്റെ മരണത്തില്‍ ഷഹീദിന്റെ പങ്ക് കശ്മീര്‍ പോലീസ് ഐ.ജി. വിജയ് കുമാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിനായി ഉപയോഗിച്ച എ.കെ. 47 തോക്കും സുരക്ഷാസേന പിടിച്ചെടുത്തു.

'ഈയടുത്ത് സാധാരണക്കാരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ശ്രീനഗര്‍ സ്വദേശിയായ ഒരു ഭീകരനെ പുല്‍വാമയിലെ ഏറ്റുമുട്ടലില്‍ വധിച്ചു. ഇയാള്‍ ശ്രീനഗര്‍ സ്വദേശിയായ ഷഹീദ് ബഷീര്‍ ഷേഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍  മുഹമ്മദ് ഷാഫി ദര്‍ എന്ന പവര്‍ ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് ജീവനക്കാരന്റെ 2-10-2021-ന് നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്', കശ്മീര്‍ ഐ.ജി. വ്യക്തമാക്കി. 

വഹീബാഗ് മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഭീകരവാദികളില്‍ ഒരാള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

content highlights: militant behind civilian killing in srinagar gunned down in pulwama