ലഖ്‌നൗ: ശ്രമിക് ട്രെയിന്‍ യാത്ര ദുരിതം നിറഞ്ഞതെന്ന് കുടിയേറ്റ തൊഴിലാളികളുടെ പരാതി. ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നത് തുടങ്ങി വൃത്തിഹീനമായ കോച്ചുകളാണെന്നും ട്രെയിന്‍ മണിക്കൂറുകളോളം വൈകുന്നുവെന്നും യാത്രക്കാരായ കുടിയേറ്റ തൊഴിലാളികള്‍ ആരോപിച്ചു.
ബിഹാറില്‍നിന്നു ആന്ധ്രപ്രദേശിലേക്കുള്ള യാത്രയ്‌ക്കെത്തിയ നൂറുകണക്കിന് തൊഴിലാളികള്‍ ട്രെയിന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. പത്ത് മണിക്കൂറോളം യാത്ര വൈകിയെന്ന് ആരോപിച്ച് ബിഹാറിലെ ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ ജംഗ്ഷനിലിറങ്ങിയാണ് തൊഴിലാളികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. രണ്ട് ദിവസമായി ശരിയായ ഭക്ഷണമോ വെള്ളമോ കിട്ടുന്നില്ല, 1500 രൂപ വീതം ടിക്കറ്റിനായി വാങ്ങുകയും ചെയ്തുവെന്ന് യാത്രക്കാരിലൊരാളായ ദിരേന്‍ റായ് പറഞ്ഞു.
മഹാരാഷ്ട്രയില്‍നിന്നും ഉത്തര്‍പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ ശ്രമിക് ട്രെയിന്‍ വാരണാസിയില്‍ 10 മണിക്കൂറാണ് പിടിച്ചിട്ടത്. ഇതില്‍ പ്രതിഷേധിച്ച് നൂറോളം തൊഴിലാളികള്‍ ട്രാക്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റെയില്‍വേ പോലീസ് ഇടപെട്ടാണ് തൊഴിലാളികളെ നീക്കിയത്.
ഗുജറാത്തില്‍നിന്നു ബിഹാറിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിനിലെ യാത്രക്കാര്‍ അവര്‍ക്ക് നല്‍കിയ ഭക്ഷണം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. കേടായ ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് ഇവര്‍ ആരോപിക്കുന്നു. അഞ്ചോ ആറോ ദിവസം മുന്‍പ് പാകം ചെയ്ത പൂരിയും ചപ്പാത്തിയുമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. ഇത് എങ്ങനെ കഴിക്കാനാണ്, കുടിക്കാന്‍ വെള്ളവുമില്ല, ശൗചാലയത്തില്‍പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികളിലൊരാള്‍ പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലേക്കുമുള്ള ശ്രമിക് ട്രെയിനിലെ യാത്രക്കാര്‍ സമാനമായ പരാതി ഉന്നയിക്കുന്നുണ്ട്.
31 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് മെയ് 1 മുതല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ശ്രമിക് ട്രെയിനുകളില്‍ മടങ്ങിയത് എന്നാണ് കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍.
Content Highlights: Migrants Out On Tracks As Trains Run Late By 10 Hours With No Food, Water