ലക്നൗ: ലോക്ക് ഡൗണില്‍ കുടുങ്ങിയ കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കത്ത്. 

ഉത്തര്‍പ്രദേശിന്റെ എല്ലാ അതിര്‍ത്തികളിലും തൊഴിലാളികള്‍ ഉണ്ട്. മണിക്കൂറുകളോളം അതിര്‍ത്തിയില്‍ നില്‍ക്കുന്നു. കടന്നുവരാന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ 50 ദിവസമായി തൊഴില്‍ നഷ്ടമായാവരാണ് അവര്‍. ജീവിതം നിശ്ചലമായിരിക്കുകയാണ്. ഇവരെ വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനായി ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടു. ഇവരുടെ എല്ലാ ചെലവുകളും കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക കത്തില്‍ വ്യക്തമാക്കി. 

രാഷ്ട്രനിര്‍മാതാക്കളായ ആയിരക്കണക്കിന് തൊഴിലാളികള്‍ പൊരിവെയിലില്‍ നാട്ടിലേക്ക് നടക്കുമ്പോള്‍ ഞങ്ങളുടെ ബസ്സുകള്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുകയാണ്. ആ സഹോദരി സഹോദരന്മാരെ സഹായിക്കാന്‍ അനുവദിക്കണം. പൊള്ളയായ പ്രഖ്യാപനങ്ങളും വിലകുറഞ്ഞ രാഷ്ട്രീയവും ഇവിടെ നടക്കില്ല. കൂടുതല്‍ ട്രെയിനുകളും ബസ്സുകളും അനുവദിക്കണം. 1000 ബസുകള്‍ സര്‍വീസ് നടത്താനാണ് ഞങ്ങള്‍ അനുവാദം ചോദിക്കുന്നത്. ഞങ്ങള്‍ അവരെ സേവിക്കട്ടെ എന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

Content Highlights: migrant workers are out in the sun, allow us to help them’: Priyanka Gandhi writes UP CM