ചിറ്റൂര്‍ (ആന്ധ്രാപ്രദേശ്): ലോക്ക്ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് ആന്ധ്രാപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് 150 കിലോമീറ്ററിലേറെ ദൂരം കാല്‍നടയായി സഞ്ചരിച്ച കെട്ടിട നിര്‍മാണ തൊഴിലാളി വീട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു. ഹരിപ്രസാദ് (28) ആണ് മരിച്ചത്. 

കടുത്ത വെയിലേറ്റ് നടന്ന യുവാവ് സ്വന്തം ഗ്രാമത്തിന് തൊട്ടടുത്തുവച്ചാണ് കുഴഞ്ഞുവീണത്. എന്നാല്‍, കൊറോണ വൈറസ് ബാധിതനാണോ എന്ന സംശയത്താല്‍ ആരും യുവാവിനെ സഹായിക്കാന്‍ എത്തിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

മരിച്ചതിനു ശേഷവും യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാനും അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനും ഗ്രാമീണര്‍ ബന്ധുക്കളെ അനുവദിച്ചില്ല. വിവരമറിഞ്ഞ് പോലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി യുവാവിന്റെ  സൃവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. യുവാവിന് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമീണര്‍ ബന്ധുക്കളെ അനുവദിച്ചത്. 

പിന്നീട്  പോലീസിന്റെ സഹായത്തോടെ ബന്ധുക്കള്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചശേഷം മൃതദേഹം സംസ്‌കരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗണിനെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  വെള്ളിയാഴ്ച മുതല്‍ നോണ്‍ സ്‌റ്റോപ്പ് തീവണ്ടികള്‍ ഓടിച്ചു തുടങ്ങിയിരുന്നു. തൊട്ടുമുമ്പാണ് യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്.

Content Highlights: Migrant worker who walked 150 kiloeters due to lockdown to reach home dies