സികര്‍: ക്വാറന്റൈന്‍ കാലത്ത് നിരീക്ഷത്തില്‍ കഴിയുന്ന സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്ത് കുടിയേറ്റ തൊഴിലാളികള്‍. രാജസ്ഥാനിലെ സികറിലാണ് ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ തങ്ങളോട് ഗ്രാമം കാണിച്ച സ്‌നേഹാദരങ്ങള്‍ക്കുളള നന്ദി പ്രകടനമായി സ്‌കൂള്‍ കെട്ടിടം പെയിന്റ് ചെയ്തത്.

54 കുടിയേറ്റ തൊഴിലാളികളാണ് ഇവിടെയുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ഒരു ഗ്രാമം മുഴുവന്‍ തങ്ങള്‍ക്ക് നല്‍കുന്ന കരുതലിനോടുള്ള സന്തോഷം പ്രകടിപ്പിച്ചത് അവര്‍ സ്‌കൂള്‍ കെട്ടിടം മുഴുവന്‍ പെയിന്റ് ചെയ്ത് നല്‍കിയാണ്. 

രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി കോവിഡിനെതിരെ പോരാടുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടായിരുന്നു. വര്‍ഷങ്ങളായി സ്‌കൂള്‍ പെയിന്റടിച്ചിട്ട്. കുടിയേറ്റ തൊഴിലാളികള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കി ഗ്രാമമുഖ്യനും ഗ്രാമവും ഒപ്പം നല്‍ക്കുകയായിരുന്നു. 

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ഗ്രാമവാസികള്‍ക്കായി ഇങ്ങനെയൊരു സഹായം ചെയ്തുനല്‍കാനായതില്‍ തൊഴിലാളികള്‍ വളരെയധികം സന്തോഷത്തിലാണ്.

തൊഴിലാളികളുടെ പ്രവൃത്തിയെ രണ്ടുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയും. ഇവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് പലരും. 'ഇവര്‍ക്ക് വലിയ പോക്കറ്റുകളില്ല, പക്ഷേ വിശാലമായ മനസ്സുണ്ട്. കൃതഞ്ജതയും' ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെടുന്നു.

Content Highlights: Migrant labourers painted the entire school where they were quarantined