മുംബൈ: കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അവരെ കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നുമുള്ള വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. കുടിയേറ്റത്തൊഴിലാളി പ്രശ്നം ടൈംബോംബ് പോലെയാണെന്നും അത് കൊറോണയേക്കാൾ വലിയ പ്രശ്നമാവുന്നതിന് മുമ്പ് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദിവസ വേതനത്തിന് ജോലി ചെയ്യുന്ന 1000 കണക്കിന് കുടിയേറ്റത്തൊഴിലാളികള്‍ മുംബൈയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കാലമായി വരുമാനമില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. അവര്‍ ചൊവ്വാഴ്ച ബാന്ദ്രയില്‍ ഒത്തുചേര്‍ന്ന് തങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തിലായിരുന്നു ഈ പ്രതിഷേധം.
രാജ്യത്തെ ഏറ്റവു വലിയ കൊറോണ ഹോട്ടസ്‌പോട്ടുകളിലൊന്നായിത്തീര്‍ന്ന മുംബൈയില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ മറികടന്ന് ആയിരങ്ങള്‍ ഒത്തുകൂടിയത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ളതാണെന്ന അർഥത്തിലാണ് കേന്ദ്രസമീപനത്തിനെതിരെ കമല്‍ഹാസന്‍ പ്രതികരിച്ചത്.
"കുടിയേറ്റ തൊഴിലാളി പ്രതിസന്ധി ടൈം ബോംബ് പോലെയാണ്. കൊറോണയെക്കാള്‍ വലിയ പ്രതിസന്ധിയാവുന്നതിന് മുമ്പ് അതിനെ നിര്‍വ്വീര്യമാക്കണം", എന്നാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചത്.
മധ്യവര്‍ഗ്ഗ ജനതയുടെയും അതിനു മുകളിലുള്ളവരുടെയും മുന്നില്‍ കണ്ടുള്ള ബാല്‍ക്കണി സര്‍ക്കാര്‍ ആവരുത് കേന്ദ്രം എന്ന് കമല്‍ഹാസന്‍ മുമ്പ് വിമര്‍ശിച്ചിരുന്നു.
"എല്ലാ ബാല്‍ക്കണി ആളുകളും താഴത്തേക്കൊന്നു നോക്കണം. ആദ്യം അത് ഡല്‍ഹിയിലായിരുന്നു ഇപ്പോള്‍ മുംബൈയിലും", ഡല്‍ഹിയിലും ഇപ്പോള്‍ മുംബൈയിലും കാണുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ കണ്ട് കമല്‍ഹാസന്‍ പറഞ്ഞു.
content highlights: migrant issue is a time bomb, if not defused will become a crisis than Corona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..