ബെംഗളൂരു: രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച്ച ബെംഗളൂരുവിലേക്കുള്ള വ്യോമപാതയിലാണ് ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയത്. തുടര്‍ന്ന് ട്രാഫിക് കൊളീഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (TCAS) രണ്ടു വിമാനങ്ങളിലേയും പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതോടെ വിമാനങ്ങള്‍ അകലം പാലിക്കുകയായിരുന്നു. 

ഇരുവിമാനങ്ങളിലുമായി മുന്നൂറ്റി മുപ്പതു യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരില്‍ നിന്നു ഹൈദരാബാദിലേക്കു പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനവും ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന വിമാനവുമാണ് കൂട്ടിയിടിയില്‍ നിന്നു രക്ഷപ്പെട്ടത്. 

ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ 162 യാത്രക്കാരും കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 166 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇരുവിമാനങ്ങളും തമ്മിലുണ്ടായിരുന്ന അകലം 200 അടി ഉയരം മാത്രമായിരുന്നു. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഇന്‍ഡിഗോ വിമാനവും ഇന്ത്യന്‍ എയര്‍ഫോഴ്സ് വിമാനവും ചെന്നൈ വ്യോമപാതയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം  മുന്നറിയിപ്പിനെ തുടര്‍ന്ന് വഴി തിരിച്ചുവിടുകയായിരുന്നു.

Content highlights: mid-air collision over Bengaluru