ന്യൂഡൽഹി: പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപേ മുസ്ലിം ഇതര മതവിഭാഗത്തിൽപ്പെട്ട അഭയാർത്ഥികളിൽനിന്ന് പൗരത്വത്തിന് കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചു. പാകിസ്താൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009ൽ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാം. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാൻ അവസരം. അപേക്ഷയിൽ ജില്ലകളിലെ കളക്ടർമാരാണ് തീരുമാനം എടുക്കേണ്ടത്.

സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്ര ആഭ്യന്തര വകുപ്പ് അപേക്ഷ ക്ഷണിച്ചത്. സിഎഎയുടെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ ഇതുവരെ തയ്യാറാക്കിയിട്ടില്ല. അതേസമയം കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനവും കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ആണ് സാധ്യത.

Content Highlights:MHA invites applications for citizenship from non-Muslim refugees