Representational image | Photo: AP
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്ന ഉയര്‍ന്ന ചികിത്സാ നിരക്ക് കുറയ്ക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര സമിതി. നിലവിലുള്ള നിരക്ക് മൂന്നിലൊന്നോളമായി കുറയ്ക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതി ശുപാര്‍ശ ചെയ്തത്.
ഐസൊലേഷന്‍ ബെഡുകള്‍ക്കുള്ള ചാര്‍ജ് 8000 മുതല്‍ 10000 രൂപ വരെയാക്കി നിജപ്പെടുത്തണമെന്നാണ് നീതി ആയോഗ് അംഗമായ ഡോ. വി.കെ. പോള്‍ സമിതിയുടെ നിര്‍ദേശം. നിലവില്‍ ഇത് 24000 മുതല്‍ 25000 വരെയാണ്. വെന്റിലേറ്റര്‍ ഇല്ലാതെയുള്ള ഐ.സി.യു. ചാര്‍ജ് 13000-15000 രൂപയായി കുറയ്ക്കും. നിലവില്‍ ഇത് 34000-43000 വരെയാണ്. 44000-54000 രൂപ വരെ ഈടാക്കിയ വെന്റിലേറ്റര്‍ ഐ.സി.യു. ചാര്‍ജ് 15000 മുതല്‍ 18000 വരെയാക്കി കുറയ്ക്കാനുമാണ് ശുപാര്‍ശ.
പി.പി.ഇ. കിറ്റുകളുടെ ചാര്‍ജ് ഉള്‍പ്പെടെയുള്ള നിരക്കാണിതെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തെ പി.പി.ഇ. കിറ്റുകള്‍ക്കുള്ള ചാര്‍ജ് വാര്‍ഡ് നിരക്കിന് പുറമേ ആശുപത്രികള്‍ ഈടാക്കിയിരുന്നു. നിരക്ക് കുറയ്ക്കാനുള്ള ശുപാര്‍ശയില്‍ സ്വകാര്യ ആശുപത്രികളുടെ അഭിപ്രായം കൂടി തേടിയ ശേഷമേ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുകയുളളുവെന്നാണ് സൂചന.
അതേസമയം, ഡല്‍ഹിയിലെ കോവിഡ് പരിശോധന നിരക്ക് 4500 രൂപയില്‍നിന്ന് 2400 ആക്കി കഴിഞ്ഞ ദിവസം കുറച്ചിരുന്നു. രാജ്യതലസ്ഥാനത്തെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി മുഖ്യമന്ത്രിയുമായും മറ്റും യോഗം ചേര്‍ന്നതിന് ശേഷമാണ് ചികിത്സാ നിരക്ക് നിശ്ചയിക്കാന്‍ പ്രത്യേക കേന്ദ്രസമിതിയെ നിയോഗിച്ചിരുന്നത്.
content highlights: MHA committee recommends reduction of Covid treatment costs in pvt hospitals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..