ന്യൂഡല്‍ഹി: അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദേശം. പൗരത്വ നിയമ ഭേദഗിതിയുടെ പശ്ചാത്തലത്തില്‍ അസമിലെ തദ്ദേശവാസികളെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സമിതിയുടേതാണ് ശുപാര്‍ശ. 

സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയേക്കും. സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവരെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐ.എല്‍.പി). നാഗാലാന്‍ഡ്, മിസോറാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിലവിലിത് നടപ്പിലാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതിന് പിന്നാലെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ അടുത്തിടെയാണ് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കിയത്.

1951 മുതല്‍ അസമില്‍ താമസിക്കുന്നവരേയും അവരുടെ പിന്‍ഗാമികളെയും സംസ്ഥാനത്തെ തദ്ദേശവാസികളായി കണക്കാക്കണമെന്നാണ് ഇപ്പോള്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. തദ്ദേശവാസികള്‍ക്ക് 67 ശതമാനം സംവരണം, ലോക്‌സഭ, നിയമസഭാ സീറ്റുകളിലേക്ക് സംവരണം. തുടങ്ങിയ കാര്യങ്ങളും സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: MHA committee moots 1951 as cut-off year for Assam ILP