മുന്നിലുണ്ടായിരുന്ന അനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍  പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര്‍ മെക്‌സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി. 

അമേരിക്കയിലെത്തിയാല്‍ ലഭിക്കാന്‍ പോകുന്ന മെച്ചപ്പെട്ട ജോലിയുടേയും ജീവിതസൗകര്യങ്ങളുടേയും പ്രലോഭനത്തില്‍ മയങ്ങി വിസ ഏജന്റുമാരെ സമീപിച്ചപ്പോഴാണ് ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കണമെന്ന് അവര്‍ തിരിച്ചറിഞ്ഞത്. 15-20 ലക്ഷം നല്‍കാന്‍ ഒരു വഴിയും ഇല്ലാത്ത അവര്‍ അമേരിക്കയെന്ന സ്വപ്‌നഭൂമിയിലെത്താന്‍  മറ്റേതെങ്കിലും മാര്‍ഗമുണ്ടോയെന്ന് തിരഞ്ഞു. മെക്‌സിക്കോ വഴി അമേരിക്കയില്‍ കടക്കാമെന്ന അറിവ് അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രേരകമായി. 

വനമേഖലകളിലൂടെ കാല്‍നടയായി അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കാമെന്ന തീരുമാനത്തില്‍ അവര്‍ അമേരിക്കന്‍ യാത്രയ്‌ക്കൊരുങ്ങി. യൂട്യൂബില്‍ കണ്ട വീഡിയോകള്‍ മെക്‌സിക്കന്‍ യാത്രയ്ക്ക് കൂട്ടായി. നിലവിലെ ജീവിതാവസ്ഥയില്‍ നിന്ന് മോചനം നേടാനുള്ള ലക്ഷ്യം കൈമുതലാക്കി അവര്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. കാട്ടിലൂടെ ഭക്ഷണവും വെള്ളവുമില്ലാതെ സഞ്ചരിക്കേണ്ടി വരുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ലെന്ന് സംഘത്തിലുണ്ടായിരുന്ന ജലന്ധര്‍ സ്വദേശി സേവക് സിങ് എന്ന യുവാവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സാഹസികമാണെങ്കിലും ഇത്രയും കഠിനമായിരുക്കുമെന്ന് കരുതിയില്ലെന്നും സേവക് പറഞ്ഞു. 

ദാഹിച്ച് തൊണ്ട വരളുമ്പോഴും അമേരിക്കയിലെത്തിയാല്‍ ലഭിക്കുന്ന സുഖസൗകര്യങ്ങളായിരുന്നു സംഘത്തിലെ 311 പേരുടേയും മനസില്‍. കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ പാദങ്ങള്‍ പൊട്ടിയടര്‍ന്നു, വിശപ്പും ദാഹവും പലപ്പോഴും തളര്‍ത്താന്‍ നോക്കിയെങ്കിലും അവര്‍ തോല്‍വി സമ്മതിച്ച് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. ഇതെല്ലാം കടന്ന് മെക്‌സിക്കോയിലെത്തിയെങ്കിലും അമേരിക്കന്‍ സ്വപ്‌നം ഒരു മരീചികയായി കരുതി അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു. 

അനധികൃത കുടിയേറ്റത്തിന് മെക്‌സിക്കോ നാടുകടത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ടെലൂക്ക സിറ്റി അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ തിരിച്ചയച്ചത്. 74 മെക്‌സിക്കന്‍ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെക്‌സിക്കോയില്‍ താമസിക്കുന്നതിനാവശ്യമായ രേഖകളില്ലാത്തതിനാലാണ് നാടുകടത്തുന്നതെന്ന് നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.എം.) പ്രസ്താവനയില്‍ അറിയിച്ചു.

 

Content Highlights:  Mexico Deports Over 300 Indians To Delhi