രാഹുൽ ഗാന്ധി , ജിഗ്നേഷ് മേവാനി | Photo: PTI
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ രംഗത്തെത്തിയത്.
ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്ത അസം പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അദ്ദേഹത്തെ പ്രതിനിധിയായി തിരഞ്ഞെടുത്ത ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിക്കെതിരേ ട്വിറ്റ് ചെയ്തുവെന്ന കാരണത്താലാണ് ജിഗ്നേഷിനെ കസ്റ്റഡിയിലെടുത്തത് എന്നുപറയുന്ന റിപ്പോര്‍ട്ടും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ്, ജനപ്രതിനിധിയായ ജിഗ്നേഷിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കുന്നുവെന്ന് കെ.വി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.
ബുധനാഴ്ച രാത്രി 11.30 ഓടെ അസം പോലീസ് സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അടുത്തിടെ പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരേ എഫ്.ഐ.ആര് ചുമത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസിനാസ്പദമായ ട്വീറ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ട്.
വാദ്ഗാം മണ്ഡലത്തിന്റെ എം.എല്‍.എ ആയ ജിഗ്നേഷ് മേവാനി ദളിത വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ നേതാവാണ്. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
Content Highlights: Mevani's arrest is undemocratic: Rahul Gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..