മേട്ടുപ്പാളയം: മാസങ്ങള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എഞ്ചിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്‍ റോക്ക് വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്.  

നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച് (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്ങ്) കഴിഞ്ഞാണ് എഞ്ചിന്‍ എത്തിയത്. 13 മാസം മുന്‍പ് തിരുച്ചിറപ്പള്ളിയിലേക്ക് അയച്ച എഞ്ചിനാണ് അറ്റകുറ്റപണികളും പേരും മാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടര വര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണികള്‍ നടത്തും.

തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് മാര്‍ഗം എത്തിച്ച എഞ്ചിന്‍, ഈറോഡില്‍ നിന്ന് റെയില്‍വേയുടെ തന്നെ 140 ടണ്ണ് ഭാരം ചുമക്കുന്ന 'രാജാളി' ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴേയിറക്കിയത്. 4 മണികൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്ത് നിന്ന് കൂനൂര്‍ വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എഞ്ചിന്റെ ഭാരം 50 ടണ്ണാണ്. എഞ്ചിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്ണ് വീണ്ടും വര്‍ധിക്കും. എഞ്ചിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം.ഇ ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍മാരായ മുഹമ്മദ് അഷറഫ്, ഗണേഷ് മോഹന്‍, രജേന്ദ്രചൗഹാന്‍, സ്റ്റേഷന്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ ഉണ്ടായിരുന്നു. മേട്ടുപ്പാളയത്ത് രണ്ടാഴ്ചയോളം നടത്തുന്ന പരിശോധന ഓട്ടം കഴിഞ്ഞാല്‍ ഈ നീരാവി എഞ്ചിന്‍ യാത്രക്കാരേയും കൊണ്ട് കൂകിപായും.
   

'ബെട്ട ക്യൂന്‍'

പൈതൃകതീവണ്ടിക്കിനി നമ്പരുകളില്ല പകരം റെയില്‍വേ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞെത്തിയ x37397 എഞ്ചിന് ബെട്ട ക്യൂന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നീലഗിരിയിലെ ആദിവാസികളും ബഡക സമുദായക്കാരും സംസാരിക്കുന്ന മല എന്നര്‍ത്ഥം വരുന്ന 'ബെട്ട' എന്നവാക്കാണ് എഞ്ചിന് ഉപയോഗിച്ചത്. ഇനി അറ്റകുറ്റപ്പണികള്‍ കഴിയുന്ന എല്ലാ എഞ്ചിനുകള്‍ക്കും തദ്ദേശിയപേരുകളാണ് നല്‍കുകയെന്നു റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: mettuppalayam ootty heritage train engine returned back after maintenance works