ശ്രീനഗർ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ ജമ്മു കശ്മീർ സന്ദർശനത്തിനെത്തിയ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തുന്നത്.

റാലിയിൽ ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് അമിത് ഷാ കൂടുതലും സംസാരിച്ചത്. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ അദ്ദേഹം റാലിയിൽ നൽകി.

വികസനത്തെ തടഞ്ഞുനിർത്താൻ ആർക്കും സാധിക്കില്ല. ജമ്മു കശ്മീരിൽ അത് തുടങ്ങിക്കഴിഞ്ഞു. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖർജിയുടെ ഭൂമിയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ല-അമിത് ഷാ പറഞ്ഞു.

370-ാം വകുപ്പ് റദ്ദാക്കായതോടെ വാൽമീകി വിഭാഗക്കാരോടും വടക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരിൽ നിക്ഷേപിച്ചു കഴിഞ്ഞു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ ഉദ്ദേശിക്കുന്നത്. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. 

Content Highlights: Metro in 2 years, expansion of Jammu airport - Amit shah promise