ന്യൂഡല്‍ഹി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി മെട്രോയുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് 10 രൂപയായും പരമാവധി ചാര്‍ജ് 30 രൂപയില്‍ നിന്ന് 50 രൂപയുമായാണ് വർധിപ്പിച്ചത്.

ഡല്‍ഹി മെട്രോയുടെ പുതിയ യാത്രാനിരക്ക് 

രണ്ട് കിമീ വരെ - 10 
2 മുതല്‍ 5 വരെ - 15
5 മുതല്‍ 12 വരെ - 20
12 മുതല്‍ 21 വരെ - 30
21 മുതല്‍ 32 വരെ - 40
32 കിമീറ്ററിന് മുകളില്‍ - 50

ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എംഎല്‍ മേത്ത അധ്യക്ഷനായ മൂന്നംഗസമിതിയാണ് നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തന്നെ സമിതി നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്‌തെങ്കിലും ഇന്ന് ചേര്‍ന്ന ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്. 

പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരും. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം വീണ്ടും ചെറിയ തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും ഡിഎംആര്‍സി തീരുമാനിച്ചിട്ടുണ്ട്.  

അതേസമയം ഞായറാഴ്ചകളിലും മറ്റു ദേശീയ അവധി ദിനങ്ങളിലും യാത്രനിരക്ക് കുറയ്ക്കാന്‍ ഇന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. പരമാവധി 40 രൂപയാവും അവധി ദിനങ്ങളില്‍ മെട്രോ യാത്രയുടെ ചിലവ്. 

ഇതോടൊപ്പം ഡല്‍ഹി മെട്രോ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡില്‍ പത്ത് ശതമാനം ഇളവ് നല്‍കാനും ഡിഎംആര്‍സി തീരുമാനിച്ചിട്ടുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ (രാവിലെ എട്ട് മണി വരെ, ഉച്ചയ്ക്ക് 12 മുതല്‍ 5 വരെ, രാത്രി ഒന്‍പതിന് ശേഷം) യാത്ര ചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡില്‍ കൂടുതല്‍ ഇളവ് ലഭിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു. 

ഡല്‍ഹി മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് നേരത്തെ നീതി ആയോഗും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 

മികച്ച നിലവാരത്തിലുള്ള സേവനം തുടര്‍ന്നും നല്‍കണമെങ്കില്‍ നിരക്ക് വര്‍ധന ആവശ്യമാണെന്ന് പൊതുവേ ചൂണ്ടിക്കാട്ടിപ്പെട്ടിരുന്നു. ഡല്‍ഹി മെട്രോയ്ക്ക് 2015-16 വര്‍ഷത്തില്‍ 708 കോടിയുടെ നഷ്ടമുണ്ടായെന്ന് നഗരവികസനമന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.