ന്യൂഡല്‍ഹി: മീടൂ മുന്നേറ്റത്തെ തുടര്‍ന്ന് തനിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചവര്‍ക്കെതിരെ നല്‍കിയ മാനനഷ്ട പരാതിയില്‍ മുന്‍ കേന്ദ്ര മന്ത്രി എം.ജെ അക്ബറിന്റെ മൊഴി കോടതി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്തുന്നതിനിടെ അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിയുടെ അഭിഭാഷക ചോദിച്ച പല ചോദ്യങ്ങള്‍ക്കും മൗനമായിരുന്നു അക്ബറിന്റെ മറുപടി. ആരോപണം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ അക്ബര്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ലെന്നും മൊഴി നല്‍കി. 

പ്രിയ രമണി ഏഷ്യന്‍ ഏജില്‍ ജൂനിയറായി ചേര്‍ന്നതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഓര്‍മയില്ലെന്നായിരുന്നു അക്ബറിന്റെ മറുപടി. പ്രിയ രമണിയുടെ അഭിഭാഷകയുടെ പല ചോദ്യങ്ങളും അക്ബറിന്റെ അഭിഭാഷകന്‍ ഇടപെട്ട് തടസ്സപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന അക്ബറിന്റെ അഭിഭാഷകന്റെ ആവശ്യത്തിനോട് ഇത് തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളുടെ പുറത്തുള്ള പോരാട്ടമാണെന്നായിരുന്നു പ്രിയ രമണിയുടെ മറുപടി. പ്രിയ രമണിക്ക് പിന്തുണയുമായി നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരും കോടതിയിലെത്തിയിരുന്നു.

അഡ്വക്കറ്റ് റബേക്കാ ജോണാണ് പ്രിയ രമണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ തന്നെ എം ജെ അക്ബര്‍ ലൈംഗികമായി പല തവണ പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമാണി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തലുമായി നിരവധി വനിതകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് എം.ജെ അക്ബറിന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. രാജി വെച്ചതിന് പിന്നാലെ പ്രിയ രമണിക്കെതിരെ കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.ജെ അക്ബര്‍ മാനനഷ്ട കേസ് നല്‍കുകയായിരുന്നു  

കേസ് കോടതി മെയ് 20 ലേക്ക് മാറ്റി. ഇത് കേവലം പ്രിയ രമണിയുടെ കേസെല്ലെന്നും മറിച്ച് എണ്ണമറ്റ നിരവധി സ്ത്രീകളുടെ കേസാണെന്നും അഭിഭാഷക റബേക്കാ ജോണ്‍ പ്രതികരിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഇല്ലാതാക്കാനാണ് തങ്ങളുടെ ശ്രമമെന്നും റബേക്ക വ്യക്തമാക്കി. 
തുടരെ തുടരെയുള്ള മീടു ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17നാണ് എം.ജെ അക്ബകര്‍ മന്ത്രി സ്ഥാനം രാജി വെക്കുന്നത്.

content highlights: MeToo, MJ Akbar recorded his statement in a defamation case filed by him against Priya Ramani