ന്യൂഡല്‍ഹി: മീ ടൂ ആരോപണം നേരിട്ട പ്രമുഖ ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് സുഹേല്‍ സേട്ടുമായുള്ള  കരാര്‍ ടാറ്റാ ഗ്രൂപ്പ് അവസാനിപ്പിക്കുന്നു. സുഹേല്‍ സേട്ടിന്റെ ബ്രാന്‍ഡിങ് കമ്പനിയായ 'കൗണ്‍സലേജു'മായുള്ള കരാര്‍ നവംബര്‍ 30ന് അവസാനിക്കാനിരിക്കെയാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന് ടാറ്റാ ഗ്രൂപ്പ് തീരുമാനമെടുത്തത്. മീ ടൂ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കൗണ്‍സലേജുമായുള്ള എല്ലാ ഇടപാടുകളും കമ്പനി അവസാനിപ്പിച്ചിരുന്നതായി ടാറ്റാ സണ്‍സ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സൈറിസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് ശേഷം ടാറ്റാ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മാര്‍ക്കറ്റിങില്‍ കൗണ്‍സലേജായിരുന്നു സുപ്രധാന പങ്കുവഹിച്ചത്. നഷ്ടപ്പെട്ട ബ്രാന്‍ഡ് ഇമേജ് തിരിച്ചുപിടിക്കാന്‍ സുഹേല്‍ സേട്ടിന്റെ സേവനം വളരെയധികം പ്രയോജനകരമായി. എന്നാല്‍ അദ്ദേഹത്തിനെതിരെ ആറ് സ്ത്രീകള്‍ മീ ടൂ ആരോപണവുമായി രംഗത്തെത്തിയതോടെ കൗണ്‍സലേജുമായി ഒരു ബന്ധവും വേണ്ടെന്നാണ് ടാറ്റാ സണ്‍സിന്റെ തീരുമാനം. 

ടാറ്റാ ഗ്രൂപ്പിന് പുറമേ കൊക്കകോള, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് നിര്‍വഹിക്കുന്നതും കൗണ്‍സലേജാണ്. ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡിങ് ജോലികളും 55-കാരനായ സുഹേല്‍ സേട്ടിനായിരുന്നു. 

പ്രമുഖ മോഡല്‍ ഡിയാന്‍ഡ്ര സോറെസ്, ചലച്ചിത്രകാരി നടാഷ റാത്തോഡ്, എഴുത്തുകാരി ഇറ ത്രിവേദി തുടങ്ങിയവരാണ് സുഹേല്‍ സേട്ടിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.