ലണ്ടന്‍:  ഇന്ത്യ വിടുന്നതിനുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നെന്ന് മദ്യരാജാവ് വിജയ് മല്യ. ലണ്ടനിലെ വെസ്റ്റ് മിനിസിസ്റ്റേഴ്‌സ് കോടതിക്കു പുറത്ത് മാധ്യമ പ്രവര്‍ത്തകരോടാണ് മല്യ ഇക്കാര്യം പറഞ്ഞത്.

ജെനീവയില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് വിദേശത്തേക്ക് പോയതെന്ന് മല്യ അവകാശപ്പെട്ടു. 'പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി' ഇന്ത്യ വിടുന്നതിനു മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറാണെന്ന് അദ്ദേഹത്തോട് ആവര്‍ത്തിച്ചിരുന്നെന്നും മല്യ അവകാശപ്പെട്ടു.

മാധ്യമങ്ങളോട് മല്യ സംസാരിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. 9,000 കോടിരൂപയുടെ തട്ടിപ്പു നടത്തിയ ശേഷം നാടുവിട്ട മല്യ, നിലവില്‍ ബ്രിട്ടനിലാണുള്ളത്. മല്യയെ ഇന്ത്യക്കു കൈമാറാനുള്ള കേസ് പരിഗണിക്കുന്നത് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേഴ്‌സ് മജിസ്‌ട്രേട്ട് കോടതിയാണ്.

അതേസമയം മല്യയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. ഇതുസംബന്ധിച്ച വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. 

'മല്യയുടെ പ്രസ്താവന വസ്തുതാപരമായി ശരിയല്ല. 2014 മുതല്‍ ഒരിക്കല്‍ പോലും മല്യക്ക് താനുമായി കൂടിക്കാഴ്ച നടത്താനുള്ള അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മല്യയുമായി കൂടിക്കാഴ്ച നടത്തിയോ എന്ന ചോദ്യം ഉദിക്കുന്നില്ല. രാജ്യസഭാംഗമായിരുന്ന സമയത്ത് മല്യ ഇടയ്ക്കിടെ സഭയില്‍ വരുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ സഭയില്‍നിന്ന് മുറിയിലേക്ക് മടങ്ങും വഴി അടുത്തെത്തി. ബാങ്കുകളുമായി ധാരണയിലെത്താന്‍ തയ്യാറെണെന്നു പറഞ്ഞു. എന്നാല്‍ ആ സംഭാഷണം മുന്നോട്ടു കൊണ്ടുപോകാന്‍ അനുവദിച്ചില്ല. എന്നോടു സംസാരിച്ചിട്ട് കാര്യമില്ലെന്നും ബാങ്കുകളുമായാണ് ധാരണയിലെത്തേണ്ടതെന്നും പറഞ്ഞു'. മല്യയുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ വാങ്ങാന്‍ തയ്യാറായില്ലെന്നും ജെയ്റ്റ്‌ലി വിശദീകരണക്കുറിപ്പില്‍ പറയുന്നു."

content highlights: Met finance minister before leaving india says Vijaya mallya