ബെംഗളൂരു: മാനസിക വെല്ലുവിളി നേരിട്ടിരുന്ന യാചകന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നാണ് ഈ കാഴ്ച. ഭിക്ഷയായി ഒരു രൂപ മാത്രം സ്വീകരിച്ചിരുന്ന, 45-കാരനായ ബസവ (ഹുച്ചാ ബാസ്യ)യുടെ മരണാനന്തര ചടങ്ങിനാണ് വന്‍ ജനാവലി പങ്കെടുത്തത്. 

ബെല്ലാരിയിലെ ഹദഗലി നഗരത്തിലായിരുന്നു ബസവയുടെ ജീവിതം. ഇവിടുത്തെ ആളുകളുമായി ബസവയ്ക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസവയ്ക്ക് ഭിക്ഷ നല്‍കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നൊരു വിശ്വാസം അവിടെ പ്രചാരത്തിലുണ്ടായിരുന്നു. 

ബസ് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ബസവയുടെ മരണം. നവംബര്‍ 12-നാണ് ബസവയെ ബസ് ഇടിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ബസവ മരിച്ചു. ഞായറാഴ്ചയാണ് അന്തിമസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പലയിടത്തുനിന്നും ആയിരങ്ങളാണ് ബസവയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. നഗരത്തില്‍ പലയിടത്തും ബസവയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ബാനറുകളും പ്രത്യക്ഷപ്പെട്ടു. 

ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് ബസവയുടെ മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോയത്. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആളുകള്‍ എത്ര രൂപ ഭിക്ഷ നല്‍കിയാലും ഒരു രൂപ മാത്രം എടുത്ത ശേഷം ബാക്കി തുക ബസവ തിരികെ നല്‍കുമായിരുന്നു. നിര്‍ബന്ധിച്ചാല്‍ പോലും അദ്ദേഹം കൂടുതല്‍ പണം സ്വീകരിക്കുമായിരുന്നില്ല. 

content highlights: mentally challenged beggar recieved one rupee as alms, thousands gathered to bid adieu