അലിഗഢ്: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എത്തിയവര്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജ്വല്ലറിയില്‍ നടത്തിയത് വന്‍ മോഷണം. സ്വര്‍ണംവാങ്ങാനെന്ന മട്ടില്‍ മാസ്‌ക് ധരിച്ച് ജ്വല്ലറിയിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കടയിലെത്തിയ രണ്ടുപേര്‍ ആദ്യം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കി. തൊട്ട്പുറകേ മൂന്നാമനും എത്തി. തുടര്‍ന്ന് കീശയില്‍ കരുതിയിരുന്ന തോക്കുകള്‍ ചൂണ്ടി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തി. ആന്ധ്രാപ്രദേശിലെ അലിഗഢില്‍ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജുവല്ലറിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള കൊള്ള പുറത്തായത്.

കടയിലെത്തിയവര്‍ സാധാരണ കസ്റ്റമറെ പോലെയാണ് പെരുമാറിയത്. ആദ്യം സാനിറ്റൈസര്‍ ആവശ്യപ്പെട്ടു. പിന്നാലെ പതിയെ കൈകള്‍ വൃത്തിയാക്കിയതിന് ശേഷം കടയിലെ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ജ്വല്ലറിയിലുണ്ടായിരുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ഏകദേശം 40,000ത്തോളം രൂപയും കവര്‍ച്ചചെയ്തു.

ജ്വല്ലറിയില്‍ ജീവനക്കാരെ കൂടാതെ മറ്റ് മൂന്നുപേരും ഉണ്ടായിരുന്നു. എന്നാല്‍ തോക്ക് ചൂണ്ടിയതോടെ അവരും ഭയന്ന് അനങ്ങാതിരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ അലിഗഢ് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അലിഗഢ് പോലീസ് വ്യക്തമാക്കി.

Content Highlights: Men walk Into Jewellery Store wearing masks and sanitise Hands and rob jewellels