പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൻറെ ജാവലിൻ സമ്മാനിക്കുന്ന നീരജ് ചോപ്ര | ചിത്രം: ANI
ന്യൂഡല്‍ഹി: നീരജ് ചോപ്രയുടെ ജാവലിന്‍, ലോവ്ലിനയുടെ ബോക്സിങ് ഗ്ലൗസ് തുടങ്ങി പ്രധാനമന്ത്രി മോദിക്ക് ഒളിമ്പിക്സ് താരങ്ങള്‍ നല്കിയ സമ്മാനങ്ങള്‍ ലേലത്തില്‍ വെച്ചപ്പോള്‍ ലഭിക്കുന്നത് വമ്പന്‍ പ്രതികരണം. ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിനും വെങ്കല മെഡല്‍ ജേതാവ് ലോവ്ലിന ബോര്ഗോഹൈന് ഉപയോഗിച്ച ഗ്ലൗസിനും നിലവില്‍ 10 കോടി രൂപ വീതമാണ് ലേലത്തില്‍ വിലപറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ സാംസ്കാരിക മന്ത്രാലയമാണ് ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ഇ-ലേലം സംഘടിപ്പിക്കുന്നത്. ടോക്കിയോ ഒളിമ്പ്യന്മാരും പാരാലിമ്പിയന്മാരും പ്രധാനമന്ത്രിക്ക് സമ്മാനിച്ച സ്പോര്‍ട്സ് ഉപകരണങ്ങളും ഈ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച ആരംഭിച്ച ഇ-ലേലം ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും.
ലേലത്തിന്റെ രണ്ടാം ദിനം ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍, വെങ്കല മെഡല്‍ ജേതാവ് ലോവ്ലിന ബോര്ഗോഹെയിന് ഗ്ലൗസ് എന്നിവയ്ക്ക് മാത്രം 10 കോടി രൂപ വീതം ലേലത്തില്‍ വില പറഞ്ഞു. ലോക റെക്കോര്‍ഡോടെ ടോക്കിയോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പാരാലിമ്പ്യന് സുമിത് ആന്റില്‍, പ്രധാനമന്ത്രിക്ക് തന്റെ ജാവലിന്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതിന് 3 കോടി രൂപയാണ് നിലവില്‍ ലേലത്തില്‍ വില പറഞ്ഞിരുക്കുന്നത്.
ടോക്കിയോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് നാലാം സ്ഥാനം നേടിയ ഇന്ത്യന്‍ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്ക്, പി.വി. സിന്ധുവിന്റെ ബാഡ്മിന്റണ്‍ റാക്കറ്റും ബാഗും ഉള്‍പ്പടെ നിരവധി സമ്മാനങ്ങളാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. സിന്ധുവിന്റെ റാക്കറ്റിനുള്ള ഇപ്പോഴത്തെ ഏറ്റവും ഉയര്‍ന്ന ലേലം 2,00,20,000 രൂപയാണ്. അതേസമയം വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക്കിന്റെ ലേലം നിലവില്‍ 1,00,00,500 രൂപയാണ്.
നീരജ് ചോപ്രയുടെ ജാവലിന്‍ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു, ലോവ്ലിനയുടെ ഗ്ലൗസിന്റെ പ്രാരംഭ വില 80 ലക്ഷം രൂപയായിരുന്നു. ഇ-ലേലത്തില്‍ നിന്നുള്ള വരുമാനം ഗംഗാ നദി സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നമാമി ഗംഗെ മിഷനിലേക്ക് പോകുമെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Mementos received by Prime Minister in auction neeraj and lovlinas gifts gets ten crores of bid each
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..