മുംബൈ: പി.എന്‍.ബി തട്ടിപ്പുകേസിലെ പ്രതിയായ വിവാദ വ്യവസായി മെഹുല്‍ ചോക്‌സി മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ ചോക്സി ഇന്ത്യയിലേക്ക് എത്തുമെന്നാണ് അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്.

13,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസാണ് ചോക്സിക്കെതിരായി ഉള്ളത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോക്സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതാണ് മടങ്ങിവരവ് സംബന്ധിച്ച വിവരം.

കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ മൂന്ന് വഴികളാണുള്ളതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 'ഒന്നാമത്തേക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കാം. രണ്ടാമത്തെ സാധ്യത ഇന്ത്യയില്‍ നിന്ന് കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന് ചോക്സിയുടെ അടുത്തേക്ക് പോകാം. മൂന്നാമത്തേത് ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ മൂന്നുമാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് എത്തുമ്പോള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാം' - ഇതായിരുന്നു അഭിഭാഷകന്‍ സഞ്ജയ് അബട്ടിന്റെ വാക്കുകള്‍.

ആന്റിഗ്വയിലാണ് ചോക്സി ഇപ്പോഴുള്ളത്. ചികിത്സാ ആവശ്യത്തിനായാണ് കഴിഞ്ഞ ജനുവരിയില്‍ രാജ്യം വിട്ടുപോയതെന്നാണ് ചോക്സി അന്വേഷണ ഉദ്യോഗസ്ഥരെയും കോടതിയെയും അറിയിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ചോക്സിക്കും അനന്തിരവന്‍ നീരവ് മോദിക്കുമെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിയിരിക്കുന്നത്.  

Content highlights: Mehul Choksi ,Niravmodi,Mehul Choksi May Return To India In 3 Months