ന്യൂഡല്‍ഹി: മെഹുല്‍ ചോക്‌സിയെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയപ്പെടുന്ന ബാര്‍ബറ ജബറിക്ക. മെഹുല്‍ ചോക്സി ഡൊമിനിക്ക വഴി ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നതായി ബാര്‍ബറ ജബറിക്ക പറഞ്ഞു. അടുത്ത തവണ ക്യൂബയില്‍ കാണാമെന്ന് ചോക്‌സി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ബറ പറഞ്ഞു. 

" അദ്ദേഹം ഒരിക്കലും രക്ഷപ്പെടല്‍ പോലുള്ള വാക്കുകള്‍ ഉപയോഗിക്കുകയോ ഇതുപോലുള്ള ഒരു പദ്ധതി എന്നോട് പങ്കുവെക്കുകയോ ചെയ്തില്ല. എന്നാല്‍, ഞാന്‍ എപ്പോഴെങ്കിലും ക്യൂബയില്‍ പോയിട്ടുണ്ടോ എന്ന് അദ്ദേഹം എന്നോട് രണ്ടുതവണ ചോദിച്ചു. അടുത്ത തവണ ക്യൂബയില്‍ കണ്ടുമുട്ടാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു."- ബാര്‍ബറ ജബറിക്ക എ.എന്‍.ഐയോട് പറഞ്ഞു. 

മെഹുല്‍ ചോക്‌സി ഒരിക്കലും രക്ഷപ്പെടല്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിട്ടില്ലെന്നും എന്നാല്‍ ഡൊമിനിക്ക അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനത്തിന് അനുയോജ്യമല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ബാര്‍ബറ ജബറിക്ക പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ ക്യൂബയായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനമെന്നും ബാര്‍ബറ കൂട്ടിച്ചേര്‍ത്തു. 

ബാര്‍ബറ ജബറിക്കയുടെ അവകാശവാദം മെഹുല്‍ ചോക്‌സി ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ്. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ മെഹുല്‍ ചോക്‌സിയുടെ കുടുംബവും അഭിഭാഷകരും ബാര്‍ബറ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു.

എന്നാല്‍, മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതില്‍ തനിക്ക് പങ്കില്ലെന്ന് ബാര്‍ബറ ജബറിക്ക പറഞ്ഞിരുന്നു. ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതെന്നും ബാര്‍ബറ പറഞ്ഞു. ചോക്‌സിയുടെ ഒരു സുഹൃത്തായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷത്തെ ആന്റിഗ്വന്‍ സന്ദര്‍ശനത്തിനിടെയാണ് ചോക്‌സിയെ കാണുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

"രാജ് എന്ന പേരിലാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം ശൃംഗാരവും പ്രേമവും തുടങ്ങി. വജ്രമോതിരങ്ങളും മാലകളും അദ്ദേഹം സമ്മാനിച്ചിരുന്നു. പിന്നീടാണ് അതെല്ലാം മുക്കുപണ്ടങ്ങളാണെന്നു മനസ്സിലായത്. ഞാനും എന്റെ കുടുംബവും കടുത്ത മാനസികപ്രയാസത്തിലാണ്.''- ബാര്‍ബറ പറഞ്ഞു.

ബാര്‍ബറയുടെ വീട്ടിലെത്തിയ തന്നെ ഒരു സംഘം ആളുകള്‍ മര്‍ദിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം മെഹുല്‍ ചോക്‌സി ആന്റിഗ്വന്‍ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ബാര്‍ബറ ജബറിക്കയുടെ മരിനയിലെ വീട്ടിലെത്തിയ തന്നെ പത്തോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. ഇവര്‍ തന്റെ പണവും ഫോണും പിടിച്ചുവാങ്ങി. പിന്നീട് തോണിയില്‍ തട്ടിക്കൊണ്ടുപോയെന്നും ചോക്‌സി ആരോപിച്ചിരുന്നു.

ബാര്‍ബറ തന്റെ കാമുകിയാണെന്നും സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും അന്നേ ദിവസം പതിവിന് വിപരീതമായി ബാര്‍ബറ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ചോക്‌സിയുടെ പരാതിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ബറ ജബറിക്കയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.

എന്നാല്‍, തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട ദിവസം പ്രഭാതഭക്ഷണ സമയത്ത് താന്‍ മെഹുല്‍ ചോക്‌സിയെ കണ്ടുവെന്ന് ബാര്‍ബറ സ്ഥിരീകരിച്ചു. ചോക്‌സിയെ അവസാനമായി കണ്ടത് 23ന് രാവിലെയായിരുന്നുവെന്നും 12 മണിയോടെ കണ്ട് പിരിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഹോട്ടലില്‍ ചോദിച്ചാല്‍ അവര്‍ സ്ഥിരീകരിക്കുമെന്നാണ് ബാര്‍ബറയുടെ വാദം.

Content Highlights: Mehul Choksi Had Cuba Escape Plan: Alleged Girlfriend Barbara Jabarica