ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഒരു തുറന്ന ജയിലായി മാറിയെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. തങ്ങളുടെ അന്തസിനും അവകാശങ്ങള്‍ക്കും സ്വത്വത്തിനും നേരെയുള്ള ആക്രമണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്നും അവര്‍ പറഞ്ഞു. അനധികൃതമായി മണല്‍ ഖനനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലം സന്ദര്‍ശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞതായി ആരോപിച്ച മെഹ്ബൂബ മുഫ്തി ജമ്മു കശ്മീരിലെ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നുവെന്നും പറഞ്ഞു. 

' റമ്പിയാരനല്ല സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം എന്നെ തടഞ്ഞു. അനധികൃത ടെന്‍ഡറുകളിലൂടെ മണല്‍ പുറത്തേക്ക് കടത്തുകയും പ്രദേശവാസികളെ പ്രദേശത്ത് നിന്ന് വിലക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. അത് ഞങ്ങളെ അവഹേളിക്കുകയല്ലാതെ മറ്റൊന്നുമല്ല." - മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. 

മണല്‍ മാഫിയ പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ മിണ്ടാതിരിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഒരു നേതാവെന്ന നിലയില്‍ ഈ പരാതികള്‍ വിശദീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി തന്റെ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് സുരക്ഷ എന്ന മറവില്‍ തന്റെ നീക്കങ്ങളെ തടയുന്നുവെന്നും അവര്‍ ആരോപിച്ചു.


Content Highlights: Mehbooba Mufti stopped from visiting Rambiara Nalla, alleges Jammu-Kashmir ‘turned into open air prison’