ശ്രീനഗര്‍: ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് മോദി സര്‍ക്കാരിന് ജമ്മുകശ്മീരിനെ കൊള്ളയടിക്കാനെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂഹ മുഫ്തി. ജമ്മുകശ്മീരിലെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് പുറത്താക്കിയ സംഭവത്തെയും മെഹബൂബ രൂക്ഷമായി വിമർശിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370, 35 (എ) അനുച്ഛേദങ്ങള്‍ ഏതെങ്കിലും വിദേശരാഷ്ട്രം അനുവദിച്ചുതന്നതല്ലെന്നും മെഹബൂബ പറഞ്ഞു. 'രാജ്യം ഞങ്ങള്‍ക്ക് ഈ പ്രത്യേക പദവി നല്‍കുന്നതിനു മുമ്പുതന്നെ ജമ്മുകശ്മീരിലെ ജനതയുടെ സ്വത്വം സംരക്ഷിക്കാന്‍ രാജാവ് കൊണ്ടുവന്ന നിയമങ്ങളാണിത്. ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ  ഈ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു', തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ മെബബൂഹ പറഞ്ഞു.

'ജമ്മു കശ്മീരിനെ കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നിലുള്ളത് എന്നാണ് കരുതേണ്ടത്. ചെനാബ് വാലി വൈദ്യുത പദ്ധതിയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഉന്നത പദവികള്‍ നല്‍കുന്നു. ഞങ്ങളുടെ വെള്ളവും വൈദ്യുതിയും കടത്തിക്കൊണ്ടുപോകുന്നു. ഞങ്ങളുടെ ഗതാഗത സംവിധാനം താറുമാറായി', മെഹബൂബ പറഞ്ഞു.

'ഇവിടെ നയങ്ങളൊന്നുമില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വര്‍ദ്ധിക്കുന്നു. ജമ്മുകശ്മീര്‍ പിന്നാക്കം നില്‍ക്കുന്നുവെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ പല കാര്യങ്ങളിലും ഞങ്ങള്‍ മുന്‍പന്തിയിലാണ്. സമ്പദ് വ്യവസ്ഥയ്ക്കുമേലുള്ള മോദി സര്‍ക്കാരിന്റെ കടന്നാക്രമണം തുടരുകയാണെങ്കില്‍ പട്ടിണിയുടെ കാര്യത്തില്‍ ഞങ്ങളുടെ സ്ഥിതി ഗുജറാത്തിനേക്കാള്‍ മോശമാകും', മുഫ്തി കൂട്ടിച്ചേര്‍ത്തു.

11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ആരെയും പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ മറുപടി. 'പിതാവു ചെയ്ത കുറ്റത്തിന് തെളിവുകളില്ലാതെ  കുട്ടിയുടെ മേല്‍ കുറ്റം ചുമത്താന്‍ കഴിയില്ല. ഈ വര്‍ഷം ഇരുപത്തഞ്ചോളം പേരെയാണ് അവര്‍ പുറത്താക്കിയത്. വേട്ടയാടലുകള്‍ രാജ്യത്തെ പിന്നോട്ടുവലിക്കും', മെഹബൂബ പറഞ്ഞു.

Content Highlights: Mehbooba Mufti says only motive behind Article 370 move seems to loot J&K