ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ജമ്മുകശ്മീര്‍ സര്‍വകക്ഷിയോഗത്തില്‍ പിഡിപി നേതാവും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല.  

ജൂണ്‍ 24-ന് ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ഡല്‍ഹിയില്‍ നിന്ന് വിളിച്ചിരുന്നതായി മെഹബൂബ മുഫ്തി നേരത്തേ സ്ഥിരീകരിച്ചിരുന്നു. സംഭാഷണത്തിനായി ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പിഡിപിയുടെ രാഷ്ട്രീയകാര്യ സമിതി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. ഗുപ്കറിലെ മുഫ്തിയുടെ വസതിയില്‍ രാവിലെ 11 മണിക്കായിരുന്നു യോഗം. 

യോഗത്തില്‍ അബ്ദുള്‍ റഹ്മാന്‍ വീരി, മുഹമ്മദ് സര്‍താജ് മദ്‌നി, ഗുലാം നബി ലോണ്‍ ഹാന്‍ജുര തുടങ്ങി നിരവധി നേതാക്കള്‍ നേരിട്ടും വെര്‍ച്വലായും പങ്കെടുത്തിരുന്നു. 

മുഫ്തിക്ക് യോഗത്തില്‍ പങ്കെടുക്കാനുളള ക്ഷണം ലഭിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് ആറുമാസത്തെ കരുതല്‍ തടങ്കലില്‍ നിന്ന് മുഹമ്മദ് സര്‍താജ് മദ്‌നിയെ മോചിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. ജമ്മുവിലെ എട്ടുരാഷ്ട്രീയ കക്ഷികളില്‍ നിന്നുളള 14 നേതാക്കന്മാര്‍ക്ക് ക്ഷണമുണ്ട്. 

ജമ്മുകശ്മീരിന്റെ പ്രത്യേകാധികാരം റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കശ്മീരിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിജെപിയും അപ്‌നി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥിപാക്കണമെന്നാവശ്യമുയര്‍ത്തി ഒന്നിച്ച് പോരാടാന്‍ മുഫ്തി ആഹ്വാനം ചെയ്തിട്ടുണ്ട്. 'ഞങ്ങള്‍ ഒന്നിച്ചുളള പോരാട്ടത്തിനാണ് ഊന്നല്‍ നല്‍കുന്നത്. അതുകൊണ്ട് ഗുപ്കര്‍ സഖ്യം യോഗത്തില്‍ തങ്ങളുടെ രണ്ടുപ്രതിനിധികളെ അയയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.മെഹബൂബ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇത് ഒരു കൂട്ടായ പോരാട്ടമാണ്. അതിനാല്‍ ഞങ്ങളെ ആര് പ്രതിനീധീകരിക്കണമെന്ന് ഞങ്ങള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.'യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. 

ഫാറൂഖ് അബ്ദുളളയായിരിക്കും ഒരുപക്ഷേ പ്രധാനമന്ത്രിയുമായി യോഗത്തില്‍ പങ്കെടുക്കുകയെന്നും ചിലപ്പോള്‍ മെഹബൂബയോ അതല്ലെങ്കില്‍ തരിഗാമിയോ ആയിരിക്കും അദ്ദേഹത്തിനൊപ്പമുണ്ടാകുകയെന്നും റണ്ടുദിവത്തിനുളളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും പിഡിപിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 

ഗുപ്കര്‍ സഖ്യം രണ്ടുദിവസത്തിനുളളില്‍ യോഗം ചേരുമെന്നും ഇക്കാര്യം ആ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പിഡിപി വക്താവ് സുഹൈല്‍ ബുഖാരി യോഗത്തിന് ശേഷം പറഞ്ഞു.