കശ്മീര്‍:  ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വസതിയിലെ പുല്‍ത്തകിടിയില്‍നിന്ന് 14 കാക്കകളെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്കയുണര്‍ത്തുന്നു. വിഷബാധ, വൈദ്യുത ആഘാതം, പക്ഷിപ്പനി എന്നീ സാധ്യതകളാണ് കാക്കകളുടെ കൂട്ടമരണത്തിന് കാരണമായി കണക്കാക്കുന്നത്.

ചത്ത കാക്കകളെ വിശദ പരിശോധനയ്ക്ക് അയച്ചതായി റീജിയണല്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി എസ് സെന്തില്‍കുമാര്‍ അറിയിച്ചു. ചത്തവയില്‍ ചിലതിനെ പരിശോധനക്കായി ഷേര്‍ ഐ കശ്മീര്‍ സര്‍വകലാശാലയിലേക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധനാ ഫലം ലഭിച്ച ശേഷമേ വൈദ്യുത ആഘാതമോ, വിഷബാധയോ, പക്ഷിപ്പനിയോ കാരണമെന്ന് വ്യക്തമാകുകയുള്ളൂ.

കാരണം വ്യക്തമാകുന്നതു വരെ പുല്‍ത്തകിടിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  പുല്‍ത്തകിടിയില്‍ ആന്റി വൈറല്‍ സ്‌പ്രേ ചെയ്യാനും തീരുമാനിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.