മേഘാലയയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയവർ | Photo: PTI
ഷില്ലോങ്/ കൊഹിമ: മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് മണിക്ക് അവസാനിക്കും. ഇരുസംസ്ഥാനങ്ങളിലും 60 അംഗ നിയമസഭയില്‍ 59 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡില്‍ 183 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. മേഘാലയയില്‍ 369 സ്ഥാനാര്‍ഥികളുടെ വിധി 21.6 ലക്ഷം വോട്ടമാര്‍ തീരുമാനിക്കും. റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്താന്‍ ഇരു സംസ്ഥാനങ്ങളിലേയും വോട്ടര്‍മാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
മേഘാലയയിലെ സൊഹിയോങ്ങില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരുന്നു. നാഗാലാന്‍ഡില്‍ അകുലുതോ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി 16-ന് പോളിങ് നടന്ന ത്രിപുരയ്‌ക്കൊപ്പം മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.
മേഘാലയയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.
നാഗാലാന്‍ഡില്‍ ഇത്തവണ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 60-ല്‍ 12 സീറ്റുകള്‍ നേടിയ ബി.ജെ.പി. ഇത്തവണ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായി ചേര്‍ന്നാണ് ജനവിധി തേടുന്നത്. എന്‍.ഡി.പി.പി. 40 സീറ്റിലും ബി.ജെ.പി. 20 സീറ്റിലുമാണ് മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുതോ മണ്ഡലത്തില്‍ നിന്ന് കസെറ്റോ കിമിനി വിജയച്ചിരുന്നു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ട് 22 സീറ്റിലുമാണ് മത്സരിക്കുന്നത്. നാല് വനിതകളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ സംസ്ഥാനത്തിന് ആദ്യ വനിതാ എം.എല്‍.എയെ ലഭിക്കും.
തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങും തിങ്കളാഴ്ച നടക്കുന്നുണ്ട്.
Content Highlights: Meghalaya, Nagaland vote today; assembly bypolls in 4 states as well
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..