പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കോൺറാഡ് സാങ്മയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയപ്പോൾ |ഫോട്ടോ:ANI,PTI
ന്യൂഡല്‍ഹി: 'കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ അഴിമതിക്കാണ് മേഘാലയ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മേഘാലയ ഒന്നം സ്ഥാനത്താണ്' നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പ് മേഘാലയയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി ഷാ പറഞ്ഞ വാക്കുകളാണിത്. 'ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ സങ്കടം തോന്നുന്നു. പണം ചെലവഴിച്ചില്ല, റോഡുകളോ സ്‌കൂളുകളോ, കോളജുകളോ, ആശുപത്രികളോ നിര്‍മിച്ചിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. പിന്നെ ആ പണം എവിടെ പോയി?' പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചോദിക്കുകയുണ്ടായി.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയേയും എന്‍പിപി സര്‍ക്കാരിനേയും അഴിമതിക്കാരെന്ന് മുദ്രകുത്തിയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ മുഴുവന്‍ പ്രചാരണം. എന്നാല്‍ ഇതേ സാങ്മ കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രിയായി ഷില്ലോങിലെ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്‌പ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മുന്‍നിരയിലുണ്ടായിരുന്നു. സാങ്മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിനെ അഭിനന്ദിക്കാനും ആശിര്‍വദിക്കാനും എത്തിയതായിരുന്നു ഇരുവരും.
ഇതാണ് തങ്ങള്‍ പറയുന്ന ഏത് അഴിമതിയും വെളുപ്പിച്ചെടുക്കുന്ന ബിജെപി എന്ന വാഷിങ്‌മെഷീനെന്നാണ് കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ബിജെപി വാഷിംഗ് മെഷീന്‍ ഇപ്പോള്‍ ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശ് പരിഹസിച്ചത്.
മേഘാലയയില്‍ നേരത്തെ ബിജെപിയും കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയും തമ്മില്‍ സഖ്യത്തിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പിരിഞ്ഞത്. വലിയ അഴിമതി ആരോപണങ്ങളാണ് സാങ്മയ്ക്കും സര്‍ക്കാരിനുമെതിരെ തിരഞ്ഞെടുപ്പ് ദിവസം വരെ ബിജെപി ഉയര്‍ത്തിയിരുന്നത്. മേഘാലയയില്‍ ആദ്യമായി മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. സാങ്മയുടെ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുകയും ചെയ്തു. ഇതോടെയാണ് സാങ്മ ബിജെപി ഉള്‍പ്പടെയുള്ളവരുടെ പിന്തുണ തേടിയത്.
സാങ്മയ്ക്ക് പുറമെ എന്‍പിപിയില്‍ നിന്ന് രണ്ടു പേര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുള്‍പ്പടെയുള്ള സഖ്യകക്ഷികളുടെ മന്ത്രിമാരും അധികാരമേറ്റു.
Content Highlights: Meghalaya most corrupt state'-Conrad Sangma Takes Oath As Meghalaya Chief Minister Again, PM Present
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..