ഷില്ലോങ്: മേഘാലയിലെ ഖനി അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള നീക്കം ഫലംകണ്ടില്ലെന്ന് റിപ്പോര്‍ട്ട്. അഴുകിയനിലയില്‍ കണ്ടെത്തിയ മൃതദേഹം റിമോട്ട് വെഹിക്കിള്‍ ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പാതിവഴിയില്‍വച്ച് മൃതദേഹം താഴേക്ക് പതിച്ചെന്നാണ് വിവരം. ഇതോടെ അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹം പോലും കാണാന്‍ കഴിയില്ലെന്ന വിഷമത്തിലാണ് ബന്ധുക്കള്‍.

ദിവസങ്ങള്‍ക്ക് മുമ്പാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഖനിയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന് 35 ദിവസം പിന്നിട്ടശേഷമായിരുന്നു ഒരാളുടെ മൃതദേഹമെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞത്. റിമോട്ട് വെഹിക്കിള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തെടുത്തിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം വഴുതിപോയത്. 

മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെ തലയോട്ടിയിലും കൈകാലുകളിലും ക്ഷതം സംഭവിച്ചിരുന്നതായി നാവികസേന അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. മൃതദേഹം ഖനിയുടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഖനിയിലെ പൈപ്പുകളും കേബിളുകളും തടസം സൃഷ്ടിച്ചെന്നും ഇതുകാരണമാണ് മൃതദേഹം വഴുതിപോയതെന്നും നാവികസേന വക്താവും മാധ്യമങ്ങളോട് പറഞ്ഞു. റിമോട്ട് വെഹിക്കിള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും വ്യാഴാഴ്ചയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഡിസംബര്‍ 13-നാണ് ലുംതാരിയിലെ അനധികൃത കല്‍ക്കരിഖനിയില്‍ അപകടമുണ്ടായത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഖനിയിടിഞ്ഞ് ജോലിക്കാരെല്ലാം കുടുങ്ങിപ്പോവുകയായിരുന്നു. വിദ്യാര്‍ഥികളടക്കം 15 പേര്‍ ഖനിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

Content Highlights: meghalaya mine accident; rescue operation continues, navy loses body inside the mine