സോഹ്റ: താന്‍ ജനങ്ങളുടെ പണം മോഷ്ടിക്കുന്നുവെന്ന കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആരോപണം അന്വേഷിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി മുകുള്‍ സാങ്മ പറഞ്ഞു. തനിക്കെതിരെ അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്നാലും അത് നിയമപരമായി അന്വേഷിക്കുമെന്ന് സാങ്മ മാധ്യമങ്ങളോട് പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സോഹ്‌റയില്‍ നടത്തിയ റാലിയിലാണ് കണ്ണന്താനത്തിന്റെ ആരോപണം. മേഘാലയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുമെന്ന് സാങ്മ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതെല്ലാം ജനങ്ങളുടെ പണം മോഷ്ടിക്കാന്‍ വേണ്ടിയാണ്. ഇത് തുടരാന്‍ അനുവദിക്കില്ലെന്നുമാണ് കണ്ണന്താനം പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മനോഹരമായ ഭരണമാണ് കാഴ്ച വയ്ക്കുന്നത്. ബിജെപി ജനങ്ങളോട് നടത്തിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ഇത് പാവങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മേഘാലയിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും യുവാക്കള്‍ക്ക് തൊഴിലുമാണ് ആവശ്യം. ഇത് യാഥാര്‍ഥ്യമാകണമെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം. അഴിമതി രഹിതമായ ഭരണത്തില്‍ മാത്രമേ അവസരങ്ങള്‍ ഉണ്ടാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മേഘാലയ. ടൂറിസത്തിന് അനന്തമായ സാധ്യതകളാണ് ഇവിടെയുള്ളത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നില്ല. ആത്മാര്‍ഥമായ ഭരണം വന്നാല്‍ മാത്രമേ ഈ സ്ഥിതി മാറൂ എന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസ് മേഘാലയിലെ ജനങ്ങളെ ചതിക്കുകയാണ്. ബിജെപിക്ക് ഒരു അവസരം തന്നാല്‍ ആത്മാര്‍ഥമായ ഭരണം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി ക്രൈസ്തവ വിരുദ്ധമാണെന്നാണ് ജനങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവരുടെ നല്ല രക്ഷകനാണ്. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞു. 

ബിജെപിയില്‍ ചേര്‍ന്നതില്‍ പല ക്രൈസ്തവര്‍ക്കും തന്നോട് വിരോധമാണ്. മോദി അധികാരത്തില്‍ വന്നാല്‍ പള്ളികള്‍ക്ക് തീവെക്കുമെന്നും വിശ്വാസികളെ മര്‍ദിക്കുമെന്നുമായിരുന്നു പ്രചരണം. എന്നാല്‍, മോദി അധികാരത്തിലെത്തി മൂന്നര വര്‍ഷം പിന്നിട്ടിട്ടും ഒരു പള്ളി പോലും കത്തിച്ചിട്ടില്ല, ഒരാളെ പോലും മര്‍ദിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.