ബെർണാഡ് എൻ. മാരക് | Photo:Twitter@pooja_news
ഷില്ലോങ്: മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി കോൺറാഡ് കെ. സങ്മയ്ക്കെതിരേ മുൻ തീവ്രവാദി നേതാവ് ബെർണാഡ് എൻ. മാരകിനെ ഇറക്കി ബി.ജെ.പി.
നിലവിൽ ബി.ജെ.പി. സംസ്ഥാനഘടകം വൈസ് പ്രസിഡന്റാണ് ബെർണാഡ്. സൗത്ത് തുറ മണ്ഡലത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുക.
കോൺറാഡ് സങ്മയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമായ എം.ഡി.എ.യുമായുള്ള (മേഘാലയ ഡെമോക്രാറ്റിക് അലയൻസ്) കൂട്ടുകെട്ട് കഴിഞ്ഞ മാസമാണ് ബി.ജെ.പി. ഉപേക്ഷിച്ചത്. ഇക്കുറി തനിച്ചു മത്സരിക്കുന്നു. 60 സീറ്റുകളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചു. രണ്ടു സിറ്റിങ് എം.എൽ.മാർക്കും സീറ്റു നൽകിയിട്ടുണ്ട്. ഒപ്പം കോൺഗ്രസുൾപ്പെടെയുള്ള പാർട്ടികളിൽനിന്ന് കൂറുമാറിയെത്തിയ സഭാംഗങ്ങൾക്കും സീറ്റ് അനുവദിച്ചു. സംസ്ഥാന അധ്യക്ഷൻ ഏണെസ്റ്റ് മോറി വെസ്റ്റ് ഷില്ലോങ് മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഏഴു വനിതകളെയും സ്ഥാനാർഥികളാക്കിയിട്ടുണ്ട്. 2018-ൽ 47 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി. രണ്ടിടത്തു ജയിച്ചു.
ബെർണാഡ് എൻ. മാരക്
വെസ്റ്റ് ഗാരോ ഹിൽസിലെ ഒഴിവുകാല വസതിയിൽ വ്യഭിചാരകേന്ദ്രം നടത്തിയെന്ന കേസിൽ കഴിഞ്ഞ ജൂലായിൽ ബെർണാഡ് എൻ. മാരകിനെ അറസ്റ്റുചെയ്തിരുന്നു. മൂന്നുമാസം ജയിലിൽക്കഴിഞ്ഞശേഷം ഹൈക്കോടതിയാണ് ജാമ്യമനുവദിച്ചത്. മൂന്നുവയസ്സുകാരിയെ ബലാത്സംഗംചെയ്തെന്ന കേസിലും ജാമ്യത്തിലാണ് ബെർണാഡ്. നിരോധിത തീവ്രവാദിസംഘടനയായ എ.എൻ.വി.സി. (ബി) നേതാവായിരുന്നു അദ്ദേഹം. ഗാരോ ഗോത്രവർഗക്കാർക്ക് പ്രത്യേകസംസ്ഥാനം വേണമെന്നതായിരുന്നു സംഘടനയുടെ ആവശ്യം. 2014-ൽ ആയുധം താഴെവെച്ച് സംഘടന പിരിച്ചുവിട്ടു. പിന്നീട് ബി.ജെ.പി.യിൽ ചേർന്നു.
Content Highlights: meghalaya assenbly election news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..