ന്യൂഡല്‍ഹി: കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും. 

വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തളളി. 

കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകൾ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. പാനല്‍ രൂപീകരിക്കാനുളള അനുയോജ്യമായ സമയം ഇതല്ലെന്നും അവര്‍ വ്യക്തമാക്കി. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കര്‍ഷക പ്രതിനിധി സംഘത്തിലെ അംഗമായ ചന്ദ സിങ് പറഞ്ഞു.

''ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുടമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.'' 

അതേസമയം കര്‍ഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. എന്നാല്‍ ഈ തീരുമാനം കര്‍ഷക യൂണിയനെയും കര്‍ഷകരെയും ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൂന്നുമണിയോടെയാണ് വിജ്ഞാന്‍ ഭവനില്‍ കര്‍ഷകസംഘടനയിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ 32 കര്‍ഷക സംഘനടകളെ ക്ഷണിച്ചിരുന്നു. 

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ ആറുദിവസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

Content Highlights: Meeting between the farmers' leaders and the government concludes; another round of talks to be held on 3rd December.