ലഖ്നൗ: ഉത്തർപ്രദേശിൽ നാല് മാസങ്ങൾക്ക് ശേഷം കോവിഡ് രോഗി ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച് മീററ്റിലെ ന്യൂടെമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വിശ്വാസ് സൈനി എന്നയാളാണ് 130 ദിവസങ്ങൾക്ക് ശേഷം കോവിഡ് ഭേദദമായി ആശുപത്രി വിട്ടത്.

ഏപ്രിൽ 28നായിരുന്നു വിശ്വാസ് സൈനിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിൽ വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. എന്നാൽ പിന്നീട് ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓക്സിജൻ നില താഴ്ന്നതിനെ തുടർന്ന് ഒരുമാസത്തോളം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുവെന്ന് സൈനിയെ ചികിത്സിച്ച ഡോക്ടർ അവ്നീത് റാണ പറഞ്ഞു. സൈനിയുടെ മനക്കരുത്താണ് അദ്ദേഹത്തെ ജീവിതത്തിലേക്കെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് ശേഷം വീട്ടിലേക്കും കുടുംബങ്ങൾക്കരികിലേക്കും പോകാൻ സാധിക്കുന്നു എന്നതിൽ അതിയായ സന്തോഷമെന്ന് സൈനി പ്രതികരിച്ചു. ചുറ്റുമുള്ളവരൊക്കെ കോവിഡ് ബാധിച്ച് മരണമടയുമ്പോൾ ഭീതിയുണ്ടായിരുന്നു. എന്നാൽ ഡോക്ടർ നിർദ്ദേശിച്ചത് അവയൊന്നും ശ്രദ്ധിക്കേണ്ടതില്ലെന്നും ആരോഗ്യ കാര്യത്തിൽ ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നുവെന്നും സൈനി പറഞ്ഞു. 

Content Highlights: Meerut man recovers from Covid after 130 days