ന്യൂഡല്‍ഹി: വനിതകള്‍ക്ക് സേനയില്‍ സ്ഥിരനിയമനത്തിന് ശാരീരിക ക്ഷമത തെളിയിക്കണമെന്ന വ്യവസ്ഥ 'ഏകപക്ഷീയ'വും 'യുക്തിവിരുദ്ധ'വുമാണെന്ന് സുപ്രീംകോടതി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. സ്ഥിരനിയമനത്തിന് ഉദ്യോഗാര്‍ഥികളുടെ അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് പരിഗണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. 

മാര്‍ഗനിര്‍ദേശങ്ങളോടെ ഹര്‍ജികള്‍ അനുവദിക്കുകയാണെന്ന് ജസ്റ്റിസ് ജി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സ്ഥിരനിയമനത്തിന് ഉദ്യോഗസ്ഥരുടെ അച്ചടക്കവും സ്വഭാവശുദ്ധിയുമാണ് കണക്കിലെടുക്കേണ്ടതെന്നും കോടതി ഉത്തരവ് നടപ്പാക്കണമെന്നും വനിത ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ആനുകൂല്യവും ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

"പുരുഷന്‍മാര്‍ പുരുഷന്മാര്‍ക്കായി രൂപപ്പെടുത്തിയതാണ് നമ്മുടെ സാമൂഹികഘടന. പ്രത്യക്ഷത്തില്‍ ഹാനികരമല്ലെന്ന് തോന്നിപ്പിക്കുന്നതും നാം പിന്തുടര്‍ന്നു പോരുന്നതുമായ പല സംവിധാനങ്ങളും പതുങ്ങിയിരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയുടെ ചില സൂചനകളാണ്. പുരുഷന്റെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച രൂപപ്പെടുത്തിയ നിയമ വ്യവസ്ഥയില്‍ തുല്യരല്ലാത്ത രണ്ട് വിഭാഗങ്ങളെ തുല്യരായി കാണുന്നത് തന്നെ പരിഹാസമാണ്. ഉപരിപ്ലവമായ തുല്യതാ സങ്കല്‍പം ഭരണഘടനയുടെ മൂല്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതല്ല", സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു

സൈനികസേവനത്തിന്റെ അഞ്ചാമത്തെയും പത്താമത്തെയും കൊല്ലം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ വനിതാ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പദവിയോ സ്ഥാനമോ പുരുഷ ഉദ്യോസ്ഥര്‍ക്ക് ആനുപാതികമായി ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സൈനികസേവനത്തിനുള്ള തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്കായി പിന്തുടരുന്ന വ്യവസ്ഥകള്‍ വിവേചനപരമാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. 

കരസേനയിലേക്കും നാവികസേനയിലും നിലനിന്നു പോരുന്ന വിവേചനപരമായ വ്യവസ്ഥകള്‍ നീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കത്തതിനെ ചോദ്യം ചെയ്ത് എണ്ണൂറിലധികം വനിതാഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. സേവനത്തിന്റെ അടിസ്ഥാനത്തില്‍ വനിതകള്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരി വെച്ചാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

Content Highlights: Medical Fitness Requirement for Women to Get Permanent Commission Irrational and Arbitrary SC