ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഇടക്കാല വിധി സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  

2019-ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിയമം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്മീഷനാണന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇത് വരെയും നിലവില്‍ വന്നിട്ടില്ല. അതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവില്‍ വന്ന സംസ്ഥാന ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഫീസ് നിര്‍ണ്ണയ സമിതിയുടെ അധ്യക്ഷന്‍ ഹൈകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ആണ്. സമിതിയെ സംബന്ധിച്ച ഇടക്കാല ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു വെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കോളജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ നല്‍കേണ്ടിവരുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ 10 കോളേജുകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന ഫീസ് ഘടന അറിയിച്ചുകൊണ്ട് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വിജ്ഞാപനമിറക്കി. ഇതില്‍ ചില കോളേജുകള്‍ ആവശ്യപ്പെടുന്ന വാര്‍ഷിക ഫീസ് 22 ലക്ഷം രൂപ വരെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  മിതമായ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ഉള്ള അവസരം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉയര്‍ന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളേജുകള്‍ക്കുമില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള കോളേജുകള്‍ ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിച്ച വാര്‍ഷിക ഫീസ് മാത്രമേ ഈടാക്കു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി വരുന്ന 19 കോളേജുകളില്‍ ചില കോളേജുകള്‍ മാത്രമാണ് ഉയര്‍ന്ന ഫീസിന് വേണ്ടി കോടതിയെ സമീപിച്ചതെന്നും സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് 

മാനേജ്മെന്റുകള്‍ തടസ്സ ഹര്‍ജി നല്‍കി

സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍  സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. കെ എം സി ടി മെഡിക്കല്‍ കോളേജിന് വേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാനും, കരുണ മെഡിക്കല്‍ കോളേജിന് വേണ്ടി സുല്‍ഫിക്കര്‍ അലിയുമാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്തത്.

content highlights: Medical fees, State government approaches SC against Highcourt verdict