ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ ഒബിസിക്ക്  27 ശതമാനം സംവരണവും സാമ്പത്തിക പരാധീനതകളുള്ളവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണവും ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പ് അധ്യയന വര്‍ഷം മുതല്‍ എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ പ്രോഗ്രാമുകള്‍ എന്നിവയ്ക്ക് ഇത് ബാധകമാകും.

ദീര്‍ഘകാലമായുള്ള സംവരണ പ്രശ്നത്തിന് പരിഹാരം കാണാനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് തിങ്കളാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

എംബിബിഎസില്‍ 1,500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദത്തില്‍ 2,500 ഒബിസി വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനം പ്രയോജനം ചെയ്യും. ഇതു കൂടാതെ എംബിബിഎസില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 550 ഓളം വിദ്യാര്‍ത്ഥികള്‍ക്കും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരത്തോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും തീരുമാനംകൊണ്ട് ഗുണമുണ്ടാകും.

content highlights: medical courses reservation, 27% Quota For OBC, 10% For Economically Weak Sections