ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആശങ്കകളില്‍ അമിത് ഷായുടെ മറുപടി. സഹകരണ മന്ത്രാലയം സംബന്ധിച്ച് പാര്‍ലമെന്റില്‍ ആദ്യമായി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അമിത് ഷാ. 

സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ, സംസ്ഥാനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മെഡിക്കല്‍ കോളേജുകളുടേയും ബാങ്കുകളുടേയും ഭാഗിക നിയന്ത്രണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോയെന്നുമുള്ള ചോദ്യത്തിന് ഇല്ലെന്നാണ് അമിത് ഷായുടെ മറുപടി. ഈ രണ്ട് കാര്യങ്ങളിലും സംസ്ഥാനങ്ങള്‍ നേരത്തെ ആശങ്ക ഉയര്‍ത്തിയിരുന്നു. 

എല്ലാ മേഖലകളിലേയും സഹകരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും സഹകരണ മേഖലയിലെ പൊതുനയവുമാണ് മന്ത്രാലയത്തിന്റെ അധികാരപരിധിയെന്ന് അമിത് ചൂണ്ടിക്കാട്ടി. അതേ സമയം അതത് മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം മന്ത്രാലയത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സഹകരണത്തില്‍ നിന്ന് അഭിവൃദ്ധിയിലേക്കുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കുക, രാജ്യത്ത് സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക, താഴെത്തട്ടിലേക്ക് അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുക, സഹകരണം അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസന മാതൃക പ്രോത്സാഹിപ്പിക്കുക, രാജ്യം വികസിപ്പിക്കാന്‍ അംഗങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്ത മനോഭാവം വികസിപ്പിക്കുക എന്നിവയാണ് മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം' ഷാ പറഞ്ഞു.

നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ ഉചിതമായ നയവും നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട്. ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങാതെ സഹകരണ സൊസൈറ്റികളുടെ സംയോജനം. സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഭാരാവാഹികളുമടക്കമുള്ളവരുടെ പരിശീലനം തുടങ്ങിയവയും അധികാര പരിധിയില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.