സുപ്രീം കോടതി| Photo: AP
ന്യൂഡല്‍ഹി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഒഴിഞ്ഞുകിടന്ന എന്‍.ആര്.ഐ. സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം സര്‍ക്കാര്‍ നടത്തിയ പ്രവേശനം സമ്പൂര്‍ണ്ണമായി റദ്ദാക്കില്ലെന്ന് സൂചന നല്കി സുപ്രീം കോടതി. മോപ് അപ് കൗണ്‍സിലിങ്ങിലൂടെ സര്‍ക്കാര്‍ നടത്തിയ പ്രവേശനം റദ്ദാക്കിയാല്‍ അത് മാനുഷികദുരന്തത്തിന് വഴിവെക്കുമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, അര്‍ഹരായ ഏഴ് എന്‍.ആര്.ഐ. വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടരും.
എന്‍.ആര്.ഐ. സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരേ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളും 38 എന്‍.ആര്.ഐ. വിദ്യാര്‍ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നീ കോളേജുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനനത്തിലാണ് എന്‍.ആര്.ഐ. ക്വാട്ട രൂപീകരിച്ചതെന്നും അത് മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോളേജുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ദുഷ്യന്ത് ദാവെയും അഭിഭാഷകന് ഹാരിസ് ബീരാനും കോടതിയില്‍ ചൂണ്ടിക്കാട്ടി.
തങ്ങളുടെ നഷ്ടം സര്‍ക്കാര്‍ നികത്തണമെന്നും അല്ലെങ്കില്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയ ശേഷം സര്‍ക്കാര്‍ നടത്തിയ പ്രവേശനം റദ്ദാക്കണമെന്നും കോളേജുകളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രവേശനം റദ്ദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിച്ച 38 വിദ്യാര്‍ഥികളില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് എന്‍.ആര്.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അര്‍ഹത ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് എന്തുകൊണ്ട് പ്രവേശനം നിഷേധിച്ചു എന്ന് വ്യക്തമാക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന് ഹുസേഫ അഹമദി ഹാജരായി
Content Highlights: medical admission: supreme court not likely to cancel mop up counselling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..