ന്യൂഡല്‍ഹി: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജൈന ഉത്സവത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാംസ നിരോധനം സ്‌റ്റേ ചെയ്ത ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

 

മാംസ നിരോധനം അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ടി.എസ് താക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

 

മാംസ നിരോധനത്തെ എതിര്‍ക്കുന്നവരുടെ വാദംകൂടി അനുഭാവപൂര്‍വം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

 

ഹൈക്കോടതി ഉത്തരവിനെതിരെ മതസംഘടന നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. അക്രമരാഹിത്യം മൃഗങ്ങളോടുള്ള സമീപനത്തിലും വേണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

 

എന്നാല്‍ മൃഗങ്ങളോടുള്ള അനുകമ്പ ഉത്സവ സമയങ്ങളില്‍ മാത്രമല്ല, എപ്പോഴും വേണമെന്ന് സുപ്രീം കോടതി വിലയിരുത്തി.