ന്യൂഡല്‍ഹി: കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അത് കുട്ടികളെ ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് രാജ്യം. എന്നാല്‍ അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത, വാക്‌സിന്‍ എടുക്കാത്ത കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് ഒരു പഠനം പറയുന്നു.

മഹാരാഷ്ട്ര പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം പറയുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് ബാധയില്‍നിന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കാന്‍ ഒരുപക്ഷെ അഞ്ചാംപനിയുടെ വാക്‌സിന് സാധിച്ചേക്കുമെന്നും പഠനം പറയുന്നു. പഠനത്തിലെ വിവരങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു പഠനം നടത്തുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ശിശുരോഗ വിദഗ്ധന്‍ ഡോ. നീലേഷ് ഗുജാര്‍ ഇന്ത്യാ ടുഡേയോടു പറഞ്ഞു. സാര്‍സ് കൊവ് 2 വൈറസിന്റെ അമിനോ ആസിഡിന്റെ ക്രമം റൂബല്ല വൈറസിന്റേതിനോട് ഏകദേശം മുപ്പതുശതമാനത്തോളം സാമ്യം പുലര്‍ത്തുന്നതിനാല്‍ എം.എം.ആര്‍. വാക്‌സിനുകളിലാണ് തങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സാര്‍സ് കൊവ് 2 വൈറസിലെ സ്‌പൈക്ക്(എസ്) പ്രോട്ടീന്‍, അഞ്ചാംപനിയുടെ വൈറസിന്റെ ഹീമാഗ്ലൂട്ടിനിന്‍ പ്രോട്ടീനുമായി സാമ്യമുള്ളതാണ്. അതിനാലാണ് ഞങ്ങള്‍ ഈ പഠനം നടത്തിയത്. അതിന്റെ ഫലങ്ങള്‍ പ്രത്യാശാജനകമാണ്- ഗുജാര്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നിനും 17-നും ഇടയില്‍ പ്രായമുള്ള 548 കുട്ടികളെ രണ്ടു സംഘമാക്കിയാണ് പഠനം നടത്തിയത്. ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി കോവിഡ് പോസിറ്റീവ് ആയവരെ ഒരു സംഘമായും അല്ലാത്തവരെ വേറൊരു സംഘമായും കണക്കാക്കിയാണ് പഠനം നടത്തിയത്.

Courtesy:www.indiatoday.in

content highlights: measles vaccine may protect children from covid- suggests study