ന്യൂഡല്‍ഹി: എം.ഡി.എച്ച്.(മഹാശിയ ദി ഹട്ടി) മസാല കമ്പനി ഉടമ ധരംപാല്‍ ഗുലാട്ടി(98) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു മരണം. ഡല്‍ഹിയിലെ മാത ചനാന്‍ ദേവി ആശുപത്രിയില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1923ല്‍ പാകിസ്താനിലെ സിയാല്‍കോട്ടിലാണ് ഗുലാട്ടിയുടെ ജനനം. പിതാവിനെ മസാല വ്യാപാരത്തില്‍ സഹായിച്ചു കൊണ്ടാണ് തൊഴില്‍ജീവിതം ആരംഭിച്ചത്. വിഭജനത്തിനു ശേഷം ഇന്ത്യയിലെത്തിയ ഗുലാട്ടി, ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ കട തുടങ്ങി.
കരോള്‍ബാഗിലെ ആ കടയില്‍നിന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മസാല ബ്രാന്‍ഡായി എം.ഡി.എച്ച്. വളരുന്നത്. അഞ്ചാംക്ലാസില്‍ തോറ്റ് പഠനം അവസാനിപ്പിച്ച ഗുലാട്ടിക്ക് പക്ഷെ മസാലവിപണിയിലെ ഒന്നാമന്മാരില്‍ ഒരാളാകാന്‍ സാധിച്ചു.
എം.ഡി.എച്ച്. മസാലപ്പൊടികളുടെ പരസ്യത്തിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മഹാശയ്, ദാദാജി എന്നിങ്ങനെയാണ് അടുപ്പമുള്ളവര്‍ അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. 2019ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ആയിരം കോടിക്കു മുകളിലായിരുന്നു എം.ഡി.എച്ചിന്റെ വാര്‍ഷിക വരുമാനം. ഇന്ത്യയിലെ ഗൃഹോപയോഗ ഉല്‍പന്ന കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന തുക ശമ്പളമായി വാങ്ങിയിരുന്നയാള്‍ എന്ന റെക്കോഡും ഗുലാത്തി സ്വന്തമാക്കിയിട്ടുണ്ട്.
2018ല്‍ 25 കോടിരൂപയാണ് അദ്ദേഹം ശമ്പളമായി സ്വീകരിച്ചത്. ദുബായിലും ലണ്ടനിലും ഓഫീസുകളുള്ള എം.ഡി.എച്ച്. നൂറോളം രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതിയും ചെയ്യുന്നുണ്ട്.
content highlights: mdh owner dharampal gulati passes away