ബെംഗളൂരു: കോളേജില്‍ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണു മരിച്ചു. ബെംഗളൂരു പീനിയയിലെ സ്വകാര്യ കോളേജിലെ എം.ബി.എ. വിദ്യാര്‍ഥിയായ ശാലിനി(21)യാണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നാണ് സംശയം. 

കോളേജിലെ ഫ്രഷേഴ്‌സ് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള ഫാഷന്‍ ഷോയില്‍ ശാലിനിയും സുഹൃത്തുക്കളും പങ്കെടുക്കാനിരുന്നതാണ്. ഇതിന്റെ പരിശീലനത്തിനിടെയാണ് മരണം സംഭവിച്ചത്. റാംപ് വാക്ക് പൂര്‍ത്തിയാക്കിയ ശേഷം സ്റ്റേജിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ശാലിനിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കോളേജിലെ സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 

Content Highlights: mba college student dies during ramp walk practice in bengaluru