മയൂർ ഷെൽക്കെയെ റെയിൽവേയിലെ സഹപ്രവർത്തകർ അഭിനന്ദിക്കുന്നു |ഫോട്ടോ : PTI
മുംബൈ: അതി വേഗത്തിൽ വരുന്ന ട്രയിനിന് മീറ്ററുകൾ മാത്രം അകലെ പാളത്തിലേക്ക് വീണ കുട്ടിയെ രക്ഷിക്കാനായി ഓടുന്ന മയൂര്‍ ഷെല്‍ക്കെ എന്ന യുവാവിനൊപ്പമാണ് രാജ്യത്തിന്റെ മുഴുവന്‍ മനസ്സും. കുതിച്ചെത്തുന്ന തീവണ്ടിക്കുമുന്നിലേക്ക് കാല്തെറ്റിവീണ കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മയൂരിനെത്തേടിയുള്ള അഭിനന്ദനത്തിന്റെ പ്രവാഹം ഇനിയും നിലച്ചിട്ടില്ല. സ്വന്തം ജീവന് ഇത്രമാത്രം അപകടത്തിലാക്കി ഒരു വ്യക്തിക്ക് മറ്റൊരു ജീവനെ രക്ഷിക്കാനാവുമോ എന്നത്ഭുതം കൂറുകയാണ് ആ വീഡിയോ കണ്ടവരെല്ലാം തന്നെ.
മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേസ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടിയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. കണ്ണുകാനാകാത്ത അമ്മ നിസ്സഹായയായി ഒന്നും ചെയ്യാനാവാതെ നിലവിളിക്കുകയായിരുന്നു. അപ്പാഴേക്കും ഒരു എക്സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു.
പ്ലാറ്റ്ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്ക്കുമ്പോള് റെയിൽവേ പോയിന്റ്സ്മാനായ മയൂര്‍ ഷെല്‍ക്കെ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് കയറ്റി. തീവണ്ടി തൊട്ടടുത്തെത്തിയെങ്കിലും പാളത്തില്‍ നിന്ന് തത്രപ്പെട്ട് പ്ലാറ്റ്ഫോമിലേക്ക് മയൂരും കയറി. കയറിയതും വണ്ടി കടന്നുപോയതും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തായതോടെ അഭിനന്ദനപ്രവാഹമാണ് മയൂരിനെ തേടിയെത്തുന്നത്.
സ്വന്തം ജീവൻ പണയപ്പെടുത്തി എങ്ങനെ ആ സാഹസത്തിന് കഴിഞ്ഞു എന്ന ചോദ്യത്തിന് മയൂർ പ്രതികരിച്ചതിങ്ങനെയാണ്- "ഞാന്‍ കുട്ടിക്കരികിലേക്ക് ഓടിയെങ്കിലും എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന് ഒരു നിമിഷാര്‍ധം ഞാന്‍ ചിന്തിച്ചിരുന്നു. എന്നിരുന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ എനിക്ക തോന്നി", ഷെല്‍ക്കെ പറയുന്നു.
"കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണുകാണില്ലായിരുന്നു. അതിനാലാണ് അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. അവര്‍ വളരെയധികം വികാരാധീനയായി. എന്നോടൊരുപാട് നന്ദി പറഞ്ഞു", ഷെല്‍ക്കെ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര റെയില്‍വേ മന്ത്രിയും അധികൃതരെല്ലാവരും ഷെല്‍ക്കെയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. "സ്വന്തം ജീവന് വരെ പണയപ്പെടുത്തി ഇത്ര അസാധാരണ ധൈര്യം കാണിച്ച മയൂര്‍ ഷെല്‍ക്കയെ ഓര്‍ത്ത് അഭിമാനം മാത്രം. ഒരു സമ്മാനത്തുകയുമായും താരതമ്യം ചെയ്യാനാവുന്ന കാര്യമല്ല ഷെല്‍ക്കെ ചെയ്തത്. പക്ഷെ മനുഷ്യകുലത്തെയാകെ പ്രചോദിപ്പിക്കുന്ന കാര്യം ചെയ്തതിന് അദ്ദേഹം പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും", റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.
content highlights: Mayur Shelke, The brave man who saved a 6 year old child from railway track
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..