ന്യൂഡല്‍ഹി: ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് ഇപ്പോഴത്തെ അവസരത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ സൗഹൃദം നഷ്ടമാവുകയാണോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍. 

ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രിയുടെ നേര്‍ക്ക് ഈ ചോദ്യമുയര്‍ന്നത്. ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ്‌ അയത്തുള്ള അല്‍ ഖമേനിയും യുഎസ് ഡെമോക്രാറ്റിക് നേതാക്കളും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിനെ കുറിച്ചും പരിപാടിയില്‍ ചോദ്യമുയര്‍ന്നിരുന്നു. 

കൂടുതല്‍ വെല്ലുവിളികളും അവയെ അതിജീവിക്കാനുള്ള കാര്യശേഷിക്കുറവും ഇന്ത്യ മുമ്പ് അഭിമുഖീകരിച്ചിരുന്നു. ആ അവസരത്തില്‍ ലോകവിഷയങ്ങളില്‍ ഇടപെടാതിരിക്കുക എന്ന നയമാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാലിപ്പോള്‍ ഇന്ത്യയുടെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണ് പോരാത്തതിന് ലോകത്തിന്റെ സ്വഭാവം മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു-ജയശങ്കര്‍ വ്യക്തമാക്കി.

Content Highlights: Maybe we are getting to know who our friends really are says EAM