ലഖ്‌നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നാലാം വാര്‍ഷികം ആഘോഷിക്കുന്ന ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച മായാവതി മോദി സര്‍ക്കാരിന് ഇത്തരത്തില്‍ ഒരാഘോഷം നടത്താന്‍ യാതൊരു അവകാശവുമില്ലെന്നും പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. സര്‍ക്കാരാകട്ടെ വ്യവസായികളുടെ മാത്രം താല്പര്യമാണ് സംരക്ഷിക്കുന്നത്. ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിച്ചാലും ഇന്ന് ജനങ്ങള്‍ക്ക് സമാധാനമില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അരാജകത്വമാണ്. ബിജെപിയുടെത് ജംഗിള്‍ രാജാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

എല്ലാ മേഖലകളിലും മോദി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊങ്ങച്ചം പറയുന്ന സര്‍ക്കാര്‍ കഠ്‌വ, ഉന്നാവ ബലാത്സംഗ കേസുകളിലെ പ്രതികളെ സംരക്ഷികുകയാണെന്നും മായാവതി പറഞ്ഞു.